സർവകലാശാല നിയമഭേദഗതി; രാഷ്ട്രപതി തിരിച്ചയച്ച ബില്ലുകൾ വീണ്ടും കൊണ്ടുവരുന്നത് പരിഗണനയിൽ
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി തിരിച്ചയച്ച ബില്ലുകൾ ഭേദഗതികളോടെ വീണ്ടും നിയമസഭയിൽ കൊണ്ടുവരുന്നത് സർക്കാർ പരിഗണനയിൽ. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി പകരം വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലറാക്കാൻ വ്യവസ്ഥ ചെയ്യുന്ന 2022ലെ സർവകലാശാല നിയമഭേദഗതി ബിൽ, വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വ്യവസ്ഥ ചെയ്യുന്ന 2022ലെ സർവകലാശാല നിയമ ഭേദഗതി ബിൽ എന്നിവയാണ് നേരിയ ഭേദഗതികളോടെ വീണ്ടും സഭയിൽ കൊണ്ടുവരാൻ സർക്കാർതലത്തിൽ ആലോചന നടക്കുന്നത്. ബിൽ വീണ്ടും കൊണ്ടുവരുന്നതിന്റെ നിയമപരമായ സാധ്യതകൾ കൂടി പരിശോധിച്ചായിരിക്കും തീരുമാനം.
രണ്ട് ബില്ലുകളും നിയമസഭ പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറെക്കാലം ബില്ലിൽ ഒപ്പിടാതെ തടഞ്ഞുവെച്ചു. അതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ ഗവർണർ ഇവ രാഷ്ട്രപതിക്ക് റഫർ ചെയ്തു. രണ്ട് ബില്ലുകളും രാഷ്ട്രപതി അംഗീകാരം നൽകാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിയമനത്തിൽ ചാൻസലർക്കുണ്ടായിരുന്ന അധികാരം എടുത്തുമാറ്റാനുള്ള ബില്ലും സഭ പാസാക്കിയെങ്കിലും ഇതും രാഷ്ട്രപതിക്കയക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.
സർക്കാർ -ഗവർണർ പോര് രൂക്ഷമാവുകയും സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ കുടിയിരുത്താൻ ഗവർണർ ശ്രമം തുടരുകയും ചെയ്തതോടെയാണ് ചാൻസലർ പദവിയിൽനിന്ന് നീക്കാനുള്ള ബിൽ സർക്കാർ സഭയിൽ കൊണ്ടുവരികയും പാസാക്കുകയും ചെയ്തത്. ഇതിന് മുമ്പായാണ് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ സർക്കാറിന് മേൽക്കൈ ലഭിക്കുന്ന രീതിയിൽ ഘടന മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ സഭ പാസാക്കിയത്. ഗവർണർ മാറിവന്നിട്ടും സർവകലാശാലകളിൽ പിടിമുറുക്കാനുള്ള സംഘ്പരിവാർ നീക്കം ശക്തിപ്പെടുകയാണുണ്ടായത്. ഇതിനിടെ ബില്ലുകളിൽ ഒപ്പിടാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവുണ്ടായി.
ഇതിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ റഫറൻസ് ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിയുണ്ടായത്. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ വ്യക്തത വരാൻ ഇനി ഭരണഘടന ബെഞ്ചിന്റെ വിധി വരെ കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ കൂടിയാണ് തിരിച്ചയച്ച ബില്ലുകളിൽ നേരിയ ഭേദഗതികളോടെ വീണ്ടും സഭയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.