നമ്മുടെ സർവകലാശാലകളിലെ പാഠ്യപദ്ധതികൾ കാലഹരണപ്പെട്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsകോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് 17ാമത് സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: നമ്മുടെ സർവകലാശാലകളിലെ പാഠ്യപദ്ധതികൾ കാലഹരണപ്പെട്ടതാണെന്നും ഈ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഗ്ലോബൽ വാച്ച് ടവർ സ്ഥാപിച്ചതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. വിവിധ മേഖലകളിലെ 20 വിദഗ്ധർ വൈകാതെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ആഗോളതലത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി രൂപപ്പെടുത്തുകയും അതുവഴി തൊഴിൽ ലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ (സി.കെ.എസ്.സി) 17ാമത് സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അറിവ് പുതുക്കിയില്ലെങ്കിൽ അധ്യാപകർ ഇനി വലിയ വെല്ലുവിളി നേരിടേണ്ടിവരും. അറിവിന്റെ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടക്കുകയാണ്. അഞ്ച് വർഷത്തിനുള്ളിൽ കൃത്രിമബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കും. ഇത് ഇരുതലമൂർച്ചയുള്ള വാളാണ്. സാങ്കേതികവിദ്യകളുടെ വളർച്ച എങ്ങനെ പഠിപ്പിക്കണമെന്നതിന് മികച്ച ആസൂത്രണം ആവശ്യമാണ്.
യൂട്യൂബിൽ വന്ന തന്റെ എ.ഐ ഡാൻസ് നീക്കിയ പൊലീസ് നടപടിയിൽ അതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയ് യുടെ യഥാർഥ നൃത്തത്തേക്കാൾ മികച്ചതാണ് അതെന്ന് പലരും തന്നോട് പറഞ്ഞിരുന്നു. നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ, സാങ്കേതികവിദ്യകൾ ദുരുപയോഗപ്പെടുത്താൻ പാടില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സി.കെ.എസ്.സി പ്രസിഡന്റ് ഡോ. ജോജി പോൾ അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ പരിശീലന വിഭാഗം ഡയറക്ടർ ഡോ. മനോജ് കെ. ശ്രീവാസ്തവ, സി.ബി.എസ്.ഇ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രഗ്യ എം. സിങ്, സി.ബി.എസ്.ഇ സെന്റർ ഓഫ് എക്സലൻസ് മേധാവി എസ്. നിർമല എന്നിവർ സംസാരിച്ചു. 1,473 സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസാണ് സമ്മേളനം സംഘടിപ്പിച്ചത്. ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

