സർവകലാശാല നിയന്ത്രണം; മുൻ ഗവർണറുടെ നിലപാടിനൊപ്പം തുടരാൻ രാജ്ഭവൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ ഇടപെടൽ വേണ്ടെന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനൊപ്പം നിൽക്കാൻ പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെയും തീരുമാനം.
ഇതിനനുസൃതമായി സർവകലാശാലകളിൽ പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരങ്ങൾ നൽകാനുള്ള വ്യവസ്ഥകളോടെ, നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടില്ല. ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യുമെന്നാണ് വിവരം.
സർവകലാശാലകളിൽ ചാൻസലറായ ഗവർണർക്കുള്ള അധികാരവും സർക്കാർ ഇടപെടലും സംബന്ധിച്ച് മുൻ ഗവർണർ സ്വീകരിച്ചത് നിയമപരമായ നിലപാടാണെന്നും അത് തുടരണമെന്നുമാണ് രാജ്ഭവൻ നിലപാട്. ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ നിയന്ത്രിച്ചാണ് പ്രോ- ചാൻസലറായ മന്ത്രിക്ക് അധികാരങ്ങൾ നൽകുന്നതെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യുന്നതിന് അനുകൂലമായാണ് രാജ്ഭവന് ലഭിച്ച നിയമോപദേശവും.
സർവകലാശാലകളെ സംബന്ധിച്ച് മുൻ ഗവർണറുടെ നിലപാട് തുടരുമ്പോഴും സർക്കാറുമായി ഏറ്റുമുട്ടൽ വേണ്ടതില്ലെന്നാണ് രാജ്ഭവൻ തീരുമാനം.
സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. മാത്രവുമല്ല, നിലവിലുള്ള നിയമത്തിൽ സർവകലാശാലയുടെ തലപ്പത്തുള്ള ചാൻസലർക്ക് ഇല്ലാത്ത അധികാരങ്ങൾ പോലും പ്രോ-ചാൻസലർക്ക് നൽകുന്നത് പ്രതിസന്ധികൾക്കിടയാക്കുമെന്നും രാജ്ഭവൻ കരുതുന്നു. ഗവർണറെന്ന നിലയിൽ വഹിക്കുന്ന ചാൻസലറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ബിൽ കൂടിയായതിനാലാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനുള്ള നീക്കം.
സർവകലാശാലയിലെ ഭരണ, പരീക്ഷ, ഗവേഷണ സംബന്ധിയായ ഏത് രേഖയും ഫയലും വിളിച്ചുവരുത്താൻ ബില്ലിൽ പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അധികാരം നൽകുന്നുണ്ട്.
ഇത് സർവകലാശാലകളിൽ പുതിയ അധികാര കേന്ദ്രം സൃഷ്ടിക്കുന്നതും വൈസ്ചാൻസലറുടെ ഉൾപ്പെടെയുള്ള അധികാരങ്ങളെ ഹനിക്കുമെന്നുമാണ് രാജ്ഭവൻ വിലയിരുത്തൽ. എന്നാൽ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് വിവരം.
സർക്കാർ പാനലിൽ പ്രായപരിധി കഴിഞ്ഞ മുൻ വി.സിയും
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് ചാൻസലറായ ഗവർണർക്ക് സർക്കാർ സമർപ്പിച്ച പാനലിൽ പ്രായപരിധി കഴിഞ്ഞ മുൻ വൈസ്ചാൻസലറും. സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ പദവിയിൽ നിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.എം.എസ്. രാജശ്രീ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. എം.കെ. ജയരാജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീർ എന്നിവരുടെ പേരുകളാണ് ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽ നിന്ന് രാജ്ഭവനിലേക്കയച്ച പാനലിൽ നൽകിയത്.
ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലറായി നിയമിക്കുന്നയാൾക്ക് 61 വയസ്സ് കവിയാൻ പാടില്ലെന്നാണ് സർവകലാശാല നിയമത്തിലെ വ്യവസ്ഥ. സർക്കാർ നൽകിയ പാനലിൽ ഉൾപ്പെട്ട ഡോ. എം.കെ. ജയരാജിന് 61 വയസ്സ് കവിഞ്ഞിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് സർക്കാർ പാനൽ സമർപ്പിച്ചതെന്നാണ് സൂചന. കുസാറ്റിൽ ഫിസിക്സ് വിഭാഗം പ്രഫസറായിരിക്കെയാണ് ജയരാജിനെ കാലിക്കറ്റ് വി.സിയായി നിയമിച്ചത്. 60 വയസ്സ് പൂർത്തിയായതിനാൽ 2021ൽ തന്നെ കുസാറ്റിൽ നിന്ന് ജയരാജിന്‍റെ വിരമിക്കൽ നടന്നിട്ടുണ്ട്. നിയമപ്രകാരം യോഗ്യതയില്ലാത്തയാളെ പാനലിൽ ഉൾപ്പെടുത്തിയത് പാനലിനെ മൊത്തത്തിൽ അസാധുവാക്കാനുമിടയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.