അനാവശ്യ തസ്തികകൾ ഒഴിവാക്കണം; ശമ്പളമില്ലാത്ത അവധി നിയന്ത്രിക്കണം
text_fieldsതിരുവനന്തപുരം: ഒരു വർഷത്തിലേറെ ഒഴിഞ്ഞുകിടക്കുന്നതും അനാവശ്യവുമായ തസ്തികകൾ ഒഴിവാക്കണമെന്ന് ചെലവ് ചുരുക്കലിനെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിേയാഗിച്ച സമിതി ശിപാർശ ചെയ്തു. ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി നിയന്ത്രിക്കണം. പരമാവധി അഞ്ചുവർഷം അവധി നൽകാം. സർവകലാശാലകളിലെ സ്റ്റാഫ് പാറ്റേൺ പുനഃപരിശോധിക്കണം. മിച്ചമുള്ളവരെ കണ്ടെത്തി പുനർവിന്യസിക്കണമെന്നും പ്രഫ. സുനിൽമാണി അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ നിർദേശിക്കുന്നു.
വിരമിച്ച ജീവനക്കാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ പാടില്ല. വിദ്യാർഥി സ്കോളർഷിപ്പിന് കേന്ദ്ര മാനദണ്ഡം ബാധകമാക്കണം. ഉപയോഗിക്കാത്ത സർക്കാർ കെട്ടിടങ്ങൾ വാടകക്ക് നൽകാം. പഴക്കംചെന്ന വാഹനങ്ങളും ഫർണിച്ചറും സുതാര്യമായി ഒഴിവാക്കണം. ഒരേ സ്വഭാവത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സംയോജിപ്പിക്കണം. നിരവധി സ്ഥാപനങ്ങൾ ഇങ്ങനെ ഏകോപിപ്പിച്ച് ചെലവ് കുറയ്ക്കാം. കെ.എസ്.ആർ.ടി.സി പുനഃസംഘടിപ്പിക്കണം. മൂന്ന് മേഖലകളായി തിരിച്ചുവേണം പുനഃസംഘടന.
സ്കൂളുകളിലെ ദിവസവേതനക്കാർക്ക് അവധിക്കാല ശമ്പളം നൽകേണ്ടതില്ല. വിദ്യാർഥികളുടെ 30 ശതമാനം മാർക്ക് ഒാൺലൈൻ പഠനത്തിനായി മാറ്റണം. രണ്ടു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമീഷനുകളുടെ കാലാവധി രണ്ടു മാസത്തിനുള്ളിൽ അവസാനിപ്പിക്കണം. അന്വേഷണ കമീഷനുകൾക്ക് നിയന്ത്രണം വേണം. ആഭ്യന്തരവകുപ്പിലോ നിയമവകുപ്പിലോ ഇതിനായി സംവിധാനം ഉണ്ടാക്കണം.
സെക്രേട്ടറിയറ്റിലെ അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കണം. ഇ-ഒാഫിസ് വന്നതോടെ 554 അറ്റൻഡർമാരും 204 കമ്പ്യൂട്ടർ അസിസ്റ്റൻറുമാരും അധികമാണ്. ജലസേചനവകുപ്പ്, പെർഫോമൻസ് ഒാഡിറ്റ്, അച്ചടിവകുപ്പ്, ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, സ്റ്റേഷനറി വകുപ്പ് തുടങ്ങിയവയിലും അധിക ജീവനക്കാരുണ്ട്. എല്ലാ സർക്കാർ ഒാഫിസുകളിലെയും ജോലി ഭാരത്തെക്കുറിച്ച് പഠിക്കാൻ ഏജൻസിയെ നിയോഗിക്കണം. അധിക ജീവനക്കാർക്ക് തദ്ദേശസ്ഥാപനങ്ങളിലേക്ക് സ്വയം മാറാൻ അവസരം നൽകണം. ജയിലുകളിലെ കൂലി കുറയ്ക്കണമെന്നും സസ്യാഹാരം നൽകണമെന്നും നിർദേശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.