ചിത്രലേഖയുടെ വീട് ജപ്തി ചെയ്യാൻ അർബൻ ബാങ്ക്; നോട്ടീസ് നൽകിയത് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക്
text_fieldsകണ്ണൂർ: ഒറ്റയാൾ പെൺപോരാട്ടത്തിലൂടെ ചരിത്രത്തിലിടം നേടിയ ചിത്രലേഖയുടെ കാട്ടാമ്പള്ളി കുതിരത്തടത്തിലുള്ള വീട് ജപ്തി ചെയ്യാൻ കോൺഗ്രസ് ഭരണസമിതി നിയന്ത്രണത്തിലുള്ള കണ്ണൂർ കോഓപറേറ്റിവ് അർബൻ ബാങ്ക് അധികൃതർ നോട്ടീസ് നൽകി.
തിങ്കളാഴ്ചയാണ് തലശ്ശേരി സി.ജെ.എം കോടതി ഉത്തരവടക്കം ഹാജരാക്കി ബാങ്ക് മാനേജർ പ്രിയേഷും മറ്റു ഉദ്യോഗസ്ഥരും അഡ്വക്കറ്റ് കൗൺസലർ കെ.എം. ഷൈജയും ചിത്രലേഖയുടെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. ജപ്തി നോട്ടീസ് കിട്ടിയതോടെ 2024 ഒക്ടോബറിൽ അന്തരിച്ച ചിത്രലേഖയുടെ കുടുംബം വൻ പ്രതിസന്ധിയിലായി.
2016 ആഗസ്റ്റിലാണ് അഞ്ച് ലക്ഷം രൂപ 10 വർഷ കാലാവധിയിൽ അർബൻ ബാങ്കിൽനിന്ന് പട്ടയം ഈടുവെച്ച് വായ്പയെടുക്കുന്നത്. മുൻ മേയർ ടി.ഒ. മോഹനനാണ് ഇടനിലനിന്ന് വായ്പ ശരിയാക്കിക്കൊടുത്തത്. വായ്പയിൽ ഒന്നരലക്ഷം രൂപയിലധികം തിരിച്ചടച്ചു. പലിശയടക്കം ഒമ്പതുലക്ഷം രൂപയാണ് ബാങ്ക് നോട്ടീസ് പ്രകാരം അടക്കേണ്ടത്. ഇപ്പോഴത്തെ ബാങ്ക് ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ രാജീവൻ എളയാവൂർ ആറുലക്ഷം രൂപക്ക് സെറ്റിലാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. പിന്നാലെയാണ് ജില്ല സെഷൻസ് കോടതി മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്.
കുതിരത്തടത്തെ അഞ്ച് സെന്റ് ഭൂമി 2016 മാർച്ചിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് അനുവദിച്ചത്. 200 ദിവസം കലക്ടറേറ്റിനും സെക്രട്ടേറിയറ്റിനും മുന്നിൽ ചിത്രലേഖ നടത്തിയ സമരത്തെത്തുടർന്ന് അഞ്ച് ലക്ഷം രൂപയും വീടുനിർമാണത്തിന് അനുവദിച്ചിരുന്നു. ജില്ല കലക്ടറായിരുന്ന ബാലകിരണാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വീടിന്റെ തറനിർമാണം പൂർത്തിയായ കാലത്ത് ഭരണമേറ്റ എൽ.ഡി.എഫ് സർക്കാർ ഭൂമിയും പണവും റദ്ദാക്കി. 2024 ജൂണിൽ ഹൈകോടതിയാണ് ഭൂമി ചിത്രലേഖക്ക് തിരിച്ചുനൽകിയത്. അതേവർഷം ഒക്ടോബറിലാണ് ചിത്രലേഖ അർബുദത്തെതുടർന്ന് മരിക്കുന്നത്.
ഭർത്താവ് ശ്രീഷ്കാന്ത്, മകൻ മനു, മനുവിന്റെ രണ്ടു കുട്ടികൾ എന്നിവരാണ് കാട്ടാമ്പള്ളിയിലെ എരമംഗലത്ത് വീട്ടിൽ നിലവിൽ താമസിക്കുന്നത്. മകൾ മേഘയും കുട്ടിയും ഭർത്താവിന്റെ വീട്ടിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിനിടയിലാണ് ജപ്തി നടപടിയുമായി അർബൻ ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ ഏഴിനകം വീടൊഴിയണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കിൽ ഡിസംബർ 18ന് ജപ്തി ചെയ്യുമെന്നാണ് താക്കീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

