‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഒരു കൊലപാതകം നടക്കും...’; പൊലീസുകാരനെതിരെ വധഭീഷണി മുഴക്കി വി. ജോയി എംഎൽഎ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരായ ലാത്തി ചാർജിൽ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസുകാരനെതിരെ വധഭീഷണി മുഴക്കിയ വി. ജോയ് എം.എൽ.എയുടെ ദൃശ്യങ്ങൾ പുറത്ത്.
കന്റോൺമെന്റ് അസിസ്റ്റന്‍റ് കമീഷണർ വി. ജയചന്ദ്രനോടാണ് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി കൂടിയായ ജോയി ഭീഷണി മുഴക്കിയത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ’ എന്ന് ജോയി പറയുന്നത് വിഡിയോയിൽ കേൾക്കാനാകും. സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വധഭീഷണി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തലസ്ഥാന നഗരിയിൽ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതോടെ കേളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തമെറിഞ്ഞു. നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിനകത്ത് കയറി ബാനറുകളും കൊടികളും നശിപ്പിച്ചു.
ഇതിനിടെ കോളജ് ഹോസ്റ്റലിൽ തമ്പടിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞു. അതിനെ തുടർന്നാണ് ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർഥികളെ മർദിച്ചത്. ഹോസ്റ്റലിനുള്ളിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചത് കന്റോൺമെന്റ് സ്റ്റേഷനിലെ സി.ഐ സതീഷ്കുമാറും എസ്.ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിക്കുന്നു. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് സി.പി.എം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
യൂനിവേഴ്സിറ്റി കോളജിലേക്കും ഹോസ്റ്റലിലും അതിക്രമം നടത്തിയതിനാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്. കല്ലും കുപ്പികളും ഉപയോഗിച്ച് അക്രമം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

