‘ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും? അയ്യപ്പന്മാരോട് മാപ്പ് പറയാൻ തയാറാണോ?’; ചോദ്യങ്ങളുമായി വി. മുരളീധരൻ
text_fieldsവി. മുരളീധരൻ
കോഴിക്കോട്: ആഗോള അയ്യപ്പ സംഗമം നടത്തുന്ന സർക്കാറിനോടും മുഖ്യമന്ത്രിയോടും ചോദ്യങ്ങളുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ രംഗത്ത്. ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന പഴയ നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴുമുള്ളതെന്ന് മുരളീധരൻ ചോദിച്ചു. ദർശനം നടത്താനാകാതെ മാലയൂരി മടങ്ങിയ അയ്യപ്പന്മാരെ കപട സ്വാമികളെന്ന് വിളിച്ചതിൽ മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാണോ എന്നും മുരളീധരൻ ചോദിച്ചു.
“ആചാരങ്ങൾ തിരുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന നിലപാടാണ് കഴിഞ്ഞ കാലങ്ങളിൽ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. അത്തരം സമീപനമെടുത്തതിൽ മാപ്പ് പറയണം. ഭക്തർ ദർശനം നടത്താനാകാതെ തിരിച്ചുപോകേണ്ടിവന്ന സാഹചര്യത്തിൽ, അവരെ കപടഭക്തരെന്ന് വിളിച്ചതിൽ മാപ്പ് പറയണം. മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. പത്തുവർഷത്തോളം ഒന്നും ചെയ്യാതിരുന്നവർ ഒരു സുപ്രഭാതത്തിൽ അയ്യപ്പ സംഗമം നടത്തുമെന്ന പ്രഖ്യാപനവും ശബരിമലയിലെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പറയുകയും ചെയ്യുന്നു, അതിന്‍റെ ഉദ്ദേശ്യമെന്താണെന്ന് അയ്യപ്പ ഭക്തർക്ക് തിരിച്ചറിയാനാകും” -മുരളീധരൻ പറഞ്ഞു.
പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കില്ലെന്നാണ് വിവരം. സുരേഷ് ഗോപി പങ്കെടുക്കരുതെന്നാണ് ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും നിലപാട്. ശാസ്തമംഗത്തെ വസതിയിലെത്തി സുരേഷ് ഗോപിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് ക്ഷണിച്ചിരുന്നു. സുരേഷ് ഗോപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ സംഗമമെന്നും പ്രശാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, പങ്കെടുക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി ഒരു വിശദീകരണവും നൽകിയിട്ടില്ലെങ്കിലും വിട്ടുനിൽക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേരും പങ്കെടുക്കും.
അതേസമയം, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാമെന്നും ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം നടത്താൻ മതേതര സർക്കാറിന് എന്തവകാശമെന്നും അദ്ദേഹം ചോദിച്ചു. ശബരിമല യുവതി പ്രവേശനവിഷയത്തിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ തന്നെ വലിയ പ്രശ്‌നം അവസാനിക്കും.
അന്നുണ്ടായ കേസുകളിൽ ജോലിനഷ്ടപ്പെട്ടവരും പീഢനം അനുഭവിച്ചവരും ധാരാളമുണ്ട്. രണ്ടുപേർ രക്തസാക്ഷികളുമായി. പന്തളത്തുണ്ടായ ഇത്തരം സംഭവങ്ങൾ മറക്കാൻ കഴിയില്ല. അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ വാണിജ്യ കേന്ദ്രമാക്കാനാണ് സർക്കാർ ശ്രമം. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ കൈകടത്തുന്നത് മതസ്വാതന്ത്ര്യത്തിന്റെയും അയ്യപ്പഭക്തരുടെ മൗലികാവകാശങ്ങളുടെയും ധ്വംസനമാണ്. ആചാര അനുഷ്ഠാനങ്ങളെ അവഗണിക്കുന്ന സർക്കാർ എന്തിനാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്നും കുമ്മനം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.