ഇങ്ങനെ വിമർശിച്ചാൽ നേതാക്കളുടെ മക്കൾക്ക് ഇടംവലം തിരിയാൻ പറ്റുമോ? അതുകൊണ്ടാണ് എന്റെ മകനെ എവിടെയും കൂട്ടാത്തത് -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചതിനെയും യോഗത്തിൽ പങ്കെടുത്തതിനെയും ന്യായീകരിച്ച് മന്ത്രി വി. ശിവൻ കുട്ടി. മുഖ്യമന്ത്രിയുടെ മകളും മകളുടെ കുഞ്ഞും ഒന്നും കേരളത്തിൽ ജീവിക്കുന്നവരല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ‘ഇങ്ങനെയൊക്കെ വിമർശിച്ചാൽ നേതാക്കളുടെ മക്കൾക്ക് ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ പറ്റില്ല. പത്രക്കാർ ആലോചിക്കണ്ടേ? അതുകൊണ്ടാ ഞാൻ എന്റെ മകനെ എവിടെയും കൂട്ടാത്തത്’ -മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
‘അവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ വേറെ ഒരു തീരുമാനവും എടുത്തിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം സംബന്ധിച്ചാണ് കാണിച്ചത്. അവിടെ പത്രക്കാരും എല്ലാവരും ഉണ്ടായിരുന്നു. അവരോടൊപ്പം അവരും (മുഖ്യന്ത്രിയുടെ ഭാര്യയും മകളും പേരക്കുട്ടിയും) ഉണ്ടായിരുന്നു. കുടുംബം സന്ദർശിച്ചതിനെ കുറിച്ച് എം.എം. ഹസൻ പറഞ്ഞത് ശരിയാണോ എന്ന് അദ്ദേഹം ഒന്നുകൂടി ആലോചിക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെയും ഗവൺമെന്റിന്റെയും അധ്വാനമാണ്. ക്രെഡിറ്റ് അടിച്ചെടുക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ല, അത് ഞങ്ങളുടെ തന്നെയാണ്’ -മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം സന്ദർശിച്ച മുഖ്യമന്ത്രിയുടെ കുടുംബം, തുറമുഖത്തിന്‍റെ പ്രവർത്തനം ഉദ്യോഗസ്ഥർ വിശദീകരിക്കുന്ന യോഗത്തിലടക്കം പങ്കെടുത്തതാണ് വിമർശനത്തിനിടയാക്കിയത്. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മാത്രമല്ല, അതീവ സുരക്ഷാ മേഖലയിലടക്കം മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവർ എത്തിയതായാണ് വിമർശനം. തന്ത്രപ്രധാനമേഖലയായ പോർട്ട് ഓപ്പറേഷൻ സെന്റർ, ബെർത്ത്, പുലിമുട്ട് എന്നിവിടങ്ങളിലും കുടുംബാംഗങ്ങളെത്തി. പ്ലാൻ റൂമിൽ ഉദ്യോഗസ്ഥർ തുറമുഖത്തിന്‍റെ പ്രവർത്തനരീതി മുഖ്യമന്ത്രിയോട് വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പിലെയും അദാനി പോർട്സിലെയും ഉദ്യോഗസ്ഥർ എന്നിവരും എത്തിയിരുന്നു.
ഇതിന്‍റെ ചിത്രങ്ങൾ മുഖ്യമന്ത്രി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഏതു ആധുനിക അന്താരാഷ്ട്ര തുറമുഖത്തോടും കിടപിടിക്കുന്ന മികവോട് കൂടി സജ്ജമാക്കിയ കൺട്രോൾ റൂം മുതൽ ക്രെയിൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പ്രവർത്തന രീതികളും വിശദമായി കാണാൻ സാധിച്ചു’ എന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നെന്നും കുടുംബം ഒപ്പമുണ്ടായതിൽ അസ്വാഭാവികതയില്ലെന്നും വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ വിശദീകരിച്ചു. വിഴിഞ്ഞം കമീഷൻ ചെയ്യാൻ മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.