‘എടോ വിജയാ എന്ന് മുഖ്യമന്ത്രിയെ വിളിച്ചയാളാണ്, എത്ര പറന്നാലും താഴെവന്നേ സമ്മാനം വാങ്ങാൻ പറ്റൂ’; രാഹുല്‍ രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് മന്ത്രി ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികള്‍ക്കു മുന്നില്‍ ഇത്തരത്തില്‍ ഒരാള്‍ വരുന്നത് ആര്‍ക്കും താൽപര്യമുണ്ടാകില്ല. അതിനാല്‍ രാഹുല്‍ സ്വയം സ്‌കൂള്‍ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് ഒഴിവാകുന്നതാണ് നല്ലത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ എം.എല്‍.എയെ ഫോണില്‍ കിട്ടുന്നില്ലെന്നും പറഞ്ഞ മന്ത്രി, രാഹുല്‍ ഒളിവിലാണെന്നും കൂട്ടിച്ചേര്‍ത്തു.
“ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം ഈ മാസം 25ന് ചേരും. മന്ത്രിമാരായ എം.ബി. രാജേഷും കൃഷ്ണൻകുട്ടിയും പങ്കെടുക്കുന്നുണ്ട്. നവംബർ ഏഴു മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടക്കുന്നത്. അതിന്‍റെ ഭാഗമായി എം.എൽ.എമാരെ എല്ലാം വിളിച്ചിട്ടുണ്ട്. പക്ഷേ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഫോണിൽ കിട്ടുന്നില്ല. അദ്ദേഹം ഒളിവിലാണ്. വാർത്തയെല്ലാം വായിച്ച് കുട്ടികളുടെ ഇടയിൽ ആശങ്കയുണ്ട്. എം.എൽ.എയെ ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. പക്ഷെ അവിടെ വന്ന് സംഘാടക സമിതി രൂപീകരണ യോഗം അലങ്കോലപ്പെടുത്തുന്ന നിലയിലത്തേക്ക് കാര്യങ്ങൾ പോകുന്നത് ശരിയല്ലല്ലോ. അപ്പോ സ്വയം അദ്ദേഹം ഒഴിഞ്ഞുനിൽക്കുന്നതായിരിക്കും നല്ലത്
ആരോപണങ്ങളിൽ എന്താണ് നിലപാടെന്ന് അദ്ദേഹം ഇനിയും വ്യക്തമാക്കിയിട്ടില്ല. മൂന്നാല് പേര് പറഞ്ഞ കാര്യങ്ങൾ അസത്യമാണെങ്കിൽ എന്തുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിൽ പരാതിപ്പെടുന്നില്ല? അവർ പറഞ്ഞതെല്ലാം വസ്തുതകൾക്ക് നിരക്കാത്ത കാര്യമാണെങ്കിൽ അന്തസോടുകൂടി പരാതിപ്പെടണം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്യണം. ഇതൊന്നും അദ്ദേഹം ചെയ്യുന്നില്ലല്ലോ. ഒരു ഉളുപ്പും ഇല്ലാതെ നടക്കുകയാണല്ലോ അഹങ്കാരത്തിന് കൈയും കാലുംവെച്ച് നടക്കുകയാണ്.
ഏതാ ഒരു പൊതുയോഗത്തിൽനിന്ന് പ്രസംഗിക്കുകയാ, എടോ വിജയാ എന്ന്... ആരെയാണെന്നോ വിളിച്ചത്. പിണറായി വിജയനെ. ഇത്തരം അഹങ്കാരവും ധിക്കാരവും കാണിച്ച് കാര്യങ്ങൾ ചെയ്താൽ, എത്ര ആകാശത്തേക്ക് പറന്നു പോയാലും തറയിൽ വന്ന് സാമ്മാനം വാങ്ങേണ്ടി വരും എന്നുള്ള കാര്യം ഉറപ്പാണല്ലോ. എ.ഐ.സി.സി നേതൃത്വവും കെ.പി.സി.സി നേതൃത്വവും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം വെറുപ്പിന്റെ ഉടമയായി മാറിയിട്ടുള്ള ഒരു വ്യക്തിയെ സംരക്ഷിക്കാൻ രംഗത്ത് വന്നിട്ടുള്ളത്? അതാണ് അവർ ആദ്യം വ്യക്തമാക്കേണ്ടത്.
രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണം എന്നുള്ള ആവശ്യം ഇന്നലെ ഞാൻ കോഴിക്കോട് പറഞ്ഞിരുന്നു. വീണ്ടും ആവർത്തിച്ചു പറയുകയാണ് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണം. കോൺഗ്രസിന്റെ ആൾക്കാർക്കും മാന്യമായി ഇനി സമൂഹത്തിൽ ഇറങ്ങണമെങ്കിൽ ഇയാൾ രാജിവെച്ച്, ഇയാളെ സ്ഥാനാർഥി ആക്കിയതിലും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കിയതിലും ഞങ്ങൾക്ക് വലിയ തെറ്റുപറ്റിപ്പോയി എന്ന് കേരള ജനതയോട് കോൺഗ്രസ് നേതൃത്വവും ഇത് നോമിനേറ്റ് ചെയ്ത ആൾക്കാരും മാപ്പ് പറയണം” -ശിവൻകുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.