വി.എ. അരുൺകുമാറിന്‍റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജ് പദവി: വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ട് ഹൈകോടതി
text_fieldsകൊച്ചി: ഡോ. വി.എ. അരുൺകുമാറിന്‍റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജ് പദവി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ എന്ന നിലയിലെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയതാണോയെന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഹരജി ഹൈകോടതി സിംഗിൾബെഞ്ച്, ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഓഡിറ്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ആവശ്യപ്പെട്ട് എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല ഡീൻ (അക്കാദമിക്) ഡോ. വിനു തോമസ് നൽകിയ ഹരജിയിലാണ് യോഗ്യത സംബന്ധിച്ച വിഷയം സ്വമേധയാ പരിഗണിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടത്.
തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരിക്കെ മെൻസ് ഹോസ്റ്റലിൽ മുട്ടയും പാലും മറ്റും വാങ്ങിയത് സംബന്ധിച്ച് അക്കൗണ്ട് ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയ പരാമർശങ്ങൾ സംബന്ധിച്ച് ഡോ. വിനു തോമസിന് ചാർജ് മെമ്മോ നൽകിയിരുന്നു. മെമോയിലെ ആരോപണങ്ങൾ സംബന്ധിച്ച ഡിജിറ്റൽ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും ഡയറക്ടർ ഇൻ ചാർജ് ഇത് തള്ളി. തുടർന്ന് വിനു ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിനിടെയാണ് അരുൺകുമാറിന്റെ യോഗ്യതയെക്കുറിച്ച് കോടതി ആരാഞ്ഞത്. ക്ലർക്കായി നിയമിതനായ അരുൺകുമാർ, ഒരുദിവസം പോലും പഠിപ്പിക്കാതെ ഡയറക്ടറായി എന്നാണ് ആരോപണം.
ഓഡിറ്റ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പകർപ്പെടുക്കാൻ അനുവദിക്കാത്ത നടപടി യോഗ്യതയില്ലാതെ നിയമിതനായെന്ന് പറയുന്ന ഡയറക്ടറുടെ പ്രതികാരമാണ് കാണിക്കുന്നതെന്ന വിലയിരുത്തലാണ് കോടതി നടത്തിയത്. ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ പദവി സർവകലാശാല വി.സി പദവിക്ക് തുല്യമാണ്. വി.സി നിയമനത്തിന് യു.ജി.സി റെഗുലേഷൻ പ്രകാരം പ്രഫസർ തസ്തികയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം വേണം. രാഷ്ട്രീയസ്വാധീനം മൂലം ക്ലർക്കിന് സ്ഥാനക്കയറ്റം നൽകി ഐ.എച്ച്.ആർ.ഡി പോലുള്ള പ്രശസ്തസ്ഥാപനത്തിന്‍റെ ഡയറക്ടറുടെ ചുമതലയിലെത്തിക്കുന്നത് വിചിത്രമാണെന്ന് കോടതി പറഞ്ഞു.
നിലവിൽ ഡയറക്ടർ ഇൻ ചാർജായ അരുൺ കുമാറിന് ഡയറക്ടറുടെ ചുമതല വഹിക്കാൻ യോഗ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് പൊതുതാൽപര്യ ഹരജി പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചാണെന്ന് വിലയിരുത്തിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഹരജിക്കാരന് ഡിജിറ്റൽ രേഖകൾ നൽകാനും കോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.