ഇരട്ട സഹോദരിമാർ കുറ്റ്യാടിപുഴയിൽ മുങ്ങി മരിച്ചു
text_fieldsതിരുവള്ളൂർ (കോഴിക്കോട്): ഇരട്ട സഹോദരിമാർ പുഴയിൽ വീണ് മരിച്ചു. തിരുവള്ളൂർ ശാന്തിനഗറിലെ പുതിയോട്ടിൽ ശശിയുടെയും സുമയുടെയും മക്കളായ സൻമയ(13), വിസ്മയ(13) എന്നിവരാണ് മരിച്ചത്. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഞായറാഴ്ച രാവിലെ 11 മണിയോടെ കുറ്റ്യാടി പുഴയിലെ ശാന്തിനഗർ കുയ്യനമണ്ണിൽ ഭാഗത്താണ് സംഭവം. അലക്കാൻ വന്ന വീട്ടുകാരോടൊപ്പം പുഴക്കരയിലെത്തിയ ഇവർ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിവരാണ് ഇവരെ പുഴയിൽ നിന്ന് മുങ്ങിയെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവള്ളൂർ തുരുത്തിയിൽ വാടക വീട്ടിൽ താമസിക്കുന്ന ശശിയും കുടുംബവും കഴിഞ്ഞ ദിവസം വിവാഹത്തിൽ പങ്കെടുക്കാനാണ് സുമയുടെ തറവാട് വീട്ടിൽ എത്തിയത്.
വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതു ദർശനത്തിനുവെച്ച ശേഷം ശാന്തിനഗറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.