വന്ദേഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തത് കാലങ്ങളായി ജില്ലയോടുള്ള റെയിൽവേ അവഗണനയുടെ ആവർത്തനം -മുസ്‍ലിം ലീഗ്
text_fieldsRepresentational Image
മലപ്പുറം: വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേയുടെ സമീപനം കാലങ്ങളായി റെയിൽവേ തുടരുന്ന ജില്ലയോടുള്ള അവഗണനയുടെ ആവർത്തനം ആണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു. മുമ്പും ദീർഘദൂര ട്രെയിനുകൾ ആരംഭിക്കുന്ന സമയത്ത് മലപ്പുറത്ത് മാത്രം സ്റ്റോപ്പ് അനുവദിക്കാത്ത അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.
ഇതിനെതിരെ മറ്റാരും ചെയ്യാത്ത തരത്തിൽ പാലക്കാട് ഡിവിഷൻ മാനേജറുടെ ഓഫീസിനു മുന്നിൽ പോയി മുസ്ലിം ലീഗ് സമരം നടത്തുകയും ചെയ്തിട്ടുണ്ട്. സമരങ്ങൾ ഫലം കാണുകയും ചെയ്തിട്ടുണ്ട്. വന്ദേ ഭാരതിന് കാസർഗോഡും കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും തൃശൂരിലും എറണാകുളത്തും കോട്ടയത്തും കൊല്ലത്തും തിരുവനന്ത പുരത്തും സ്റ്റോപ്പ് അനുവദിച്ചപ്പോൾ തീവണ്ടി കടന്നു പോകുന്ന ജില്ലകളിൽ മലപ്പുറത്ത് മാത്രമാണ് സ്റ്റോപ്പ് അനുവദിക്കാതിരുന്നിട്ടുള്ളത്.
ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ആവശ്യമാണ്. ഈ കാര്യത്തിൽ യോജിക്കുന്ന എല്ലാവരുമായും ചേർന്ന് സമരം നടത്താൻ മുസ്ലിം ലീഗ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അവഗണനക്കെതിരെ അതിശക്തമായ പോരാട്ടം തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.