വരാപ്പുഴ പീഡന കേസ്: ശോഭ ജോണിന് 18 വർഷം തടവ്
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർക്ക് കാഴ്ചവെച്ച വരാപ്പുഴ പീഡന കേസിൽ പ്രതികൾക്ക് എട്ട് വർഷം കഠിന തടവ്. ഒന്നാം പ്രതി തിരുവനന്തപുരം തിരുമല എം.എസ്.പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭാ ജോൺ (48), എട്ടാം പ്രതി റിട്ട.ആർമി ഉദ്യോഗസ്ഥൻ തിരുവനന്തപുരം ഉളിയഴന്തറ ദിവ്യശ്രീയിൽ ജയരാജൻ നായർ (72) എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ.കമനീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ശോഭാ ജോണിനെ 18 വർഷം കഠിന തടവിനും 1.11 ലക്ഷം രൂപ പിഴ അടക്കാനും ജയരാജൻ നായരെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിനും 1.01 ലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചതെങ്കിലും ഇരുവരും ശിക്ഷ ഒരുമിച്ച് എട്ട് വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതിയുടെ നിർദേശം. പ്രതികൾ പിഴ അടക്കുകയാണെങ്കിൽ ഇത് പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം.
പിഴ അടച്ചില്ലെങ്കിൽ ഇരുവരും ഏഴ്് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. എനിക്ക് 10ാം ക്ലാസിൽ പഠിക്കുന്ന മകനുണ്ടെന്നും താൻ ജയിലിലായാൽ അവനെ നോക്കാൻ ആരുമില്ലെന്നും ശിക്ഷാ വിധിക്കുമുമ്പായി ശോഭാ ജോൺ കോടതിയെ അറിയിച്ചു. താൻ ഒരു പട്ടാളക്കാരനായിരുന്നെന്നും 72 വയസുണ്ടെന്നും ഇതിന് മുമ്പ് മറ്റൊരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്നുമാണ് ജയരാജൻ നായർ അറിയിച്ചത്. നേരത്തേ കേസുകളിൽ ശിക്ഷിക്കപ്പെട്ട ശോഭാ ജോണിന് കൂടുതൽ ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷെൻറ ആവശ്യം കോടതി തള്ളി. തുടർന്ന് ശിക്ഷയിൽ കരുണ കാണിക്കണമെന്ന ശോഭാ ജോണിെൻറ ആവശ്യം നിരാകരിച്ച കോടതി പരമാവധി ശിക്ഷയായ എട്ട് വർഷം തടവും ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന ജയരാജൻ നായരുടെ തടവ് പ്രായം മാത്രം കണക്കിലെടുത്ത് എട്ട് വർഷമായി കുറച്ചുകൊണ്ട് വിധി പ്രസ്താവിക്കുകയായിരുന്നു.
ഗ്രാമീണയായ പെൺകുട്ടിയെ ഉന്നത വിദ്യാഭ്യാസം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ശോഭാ ജോൺ കൊച്ചിയിലേക്ക് െകാണ്ടുവരുന്നത്. ഇവിടെ എത്തിച്ച പെൺകുട്ടിയെ ആദ്യം കാക്കനാെട്ട വാടക വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. തുടർന്ന് 2011 ആഗസ്റ്റ് എട്ടിന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വരാപ്പുഴക്ക് സമീപമുള്ള ഒളനാട്ട് ശോഭാ ജോൺ വാടകക്കെടുത്ത വീട്ടിലേക്ക് പ്രതികൾ എല്ലാവരും ചേർന്ന് എത്തിച്ചു. ഇവിടെ വെച്ച് ജയരാജൻ നായർ 10,000 രൂപ ശോഭാ ജോണിന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യുഷൻ കോടതിയിൽ തെളിയിച്ചത്.
പീഡനത്തിനായി പെൺകുട്ടിയെ വാങ്ങുകയും കാഴ്ചവെക്കുകയും ചെയ്ത ശോഭാ ജോണിനെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴക്കും 366 എ (പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അനാശാസ്യത്തിന് ഉപയോഗിക്കുക) എന്ന കുറ്റത്തിന് ഏഴ് വർഷം കഠിന തടവും പതിനായിരം രൂപ പിഴക്കും 342 (അന്യായമായി തടഞ്ഞുവെക്കുക) എന്ന കുറ്റത്തിന് ഒരു വർഷം തടവും ആയിരം രൂപ പിഴയും 506 (1) (കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക) എന്ന കുറ്റത്തിന് രണ്ട് വർഷം തടവും അടക്കമാണ് 18 വർഷത്തെ തടവ് വിധിച്ചത്. ജയരാജൻ നായരെ പീഡന കുറ്റത്തിന് (െഎ.പി.സി 376) ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അന്യായമായി തടഞ്ഞുവെച്ചതിന് (342) ഒരു വർഷം തടവും ആയിരം രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് (506(1) രണ്ട് വർഷം എന്നിങ്ങനെയാണ് 11 വർഷത്തെ കഠിന തടവ് വിധിച്ചത്.
കേസിലെ രണ്ട് മുതൽ ഏഴ് വരെ പ്രതികളായ തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി വീട്ടില്‍ അനില്‍ കുമാര്‍ എന്ന കേപ് അനി (38), ഇടനിലക്കാരി കാസര്‍കോട് പട്ട മധൂര്‍ അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി (34), കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍ (43), തൃക്കാക്കര കടപ്പുരക്കൽ ജിൻസൺ ജോസ് (33), തൃശൂർ അയ്യന്തോൾ പാരപ്പുള്ളി വീട്ടിൽ ബൈജു പി.വർഗീസ് (39) എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ബിനിൽ കുമാർ വിചാരണ തുടങ്ങുംമുെമ്പ മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.