ട്രാൻസ്ജെൻഡർ കലോത്സവം ‘വർണപകിട്ട്’ ആഗസ്റ്റ് 21 മുതൽ കോഴിക്കോട്
text_fieldsതിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കാൻ സംസ്ഥാനതലത്തിൽ സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന ‘വർണപ്പകിട്ട്’ കലോത്സവം ആഗസ്റ്റ് 21, 22, 23 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21ന് കോഴിക്കോട് ജൂബിലി ഹാളിൽ ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ള നാഷനൽ കോൺഫറൻസ് നടക്കും. പാനൽ ചർച്ച, ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിലാണ് ‘വർണപ്പകിട്ട്’ കലോത്സവം. 21ന് വൈകീട്ട് ആറിന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ കലോത്സവത്തോടനുബന്ധിച്ച് കല/കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സി.ബി.ഒ/എൻ.ജി.ഒകൾക്കും ട്രാൻസ്ജെൻഡർ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
അവാർഡ് ജേതാക്കൾ: കല -തൻവി സുരേഷ് (എറണാകുളം), കായികം -ഷിയ (വയനാട്), വിദ്യാഭ്യാസം- പി.ടി. ലിബിൻനാഥ് (കോഴിക്കോട്), സംരംഭകത്വം: നവമി എസ്. ദാസ് (കൊല്ലം), സംഘടന: സഹയാത്രിക (തൃശൂർ), തദ്ദേശ സ്വയംഭരണ സ്ഥാപനം-കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
ഷോർട്ട് ഫിലിം മത്സര വിജയികൾ: ഒന്നാം സ്ഥാനം: ഹർഷ്, ഫിലിം - ‘ബത്തക്ക ഹൃദയം തുന്നാൻ പോണ്’, രണ്ടാം സ്ഥാനം: അഖിൽ ശിവപാൽ - ‘ഭാവയാമി’, മൂന്നാം സ്ഥാനം: റോസ്ന ജോഷി -‘മറുജന്മം’. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.