‘ജനൽ തകർത്ത് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്നു, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു, കരുക്കിയ തുണിയഴിച്ചു’ -മരിക്കാൻ പോകുന്നെന്ന് ഫോൺ വിളിച്ചറിയിച്ച യുവാവിനെ രക്ഷിച്ച് പൊലീസുകാർ
text_fieldsവാടാനപ്പള്ളി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 മണിയോടടുത്ത സമയം. വിവിധതരം തിരക്കുകൾക്കിടയിലാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യ, സ്റ്റേഷൻ ഫോണിലേയ്ക്ക് വന്ന കോൾ എടുത്തത്. ‘ഞാൻ മരിക്കാൻ പോവുകയാണ് ...’ -മറുതലക്കലുള്ള യുവാവ് പറഞ്ഞു. ഫോൺ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജി.ഡി ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫിറോസിനെ അറിയിക്കുകയും ചെയ്തു.
ഫിറോസ് യുവാവുമായി ഫോണിൽ സംസാരിച്ച് ശാന്തനാക്കാൻ ശ്രമിച്ചു. ഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു. ഉടനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോൾ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതായാണ് കണ്ടത്. ഉടനടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ.ബി യെ വിവരം അറിയിച്ചു. ഫോൺ നമ്പർ ട്രേസ് ചെയ്ത്, ഫിറോസ്, സി.പി.ഒ.മാരായ ജോർജ് ബാസ്റ്റ്യൻ, ശ്യാം എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീട്ടിൽ ചെന്നപ്പോൾ ഒരു റൂമിൽ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു. കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനൽ പൊട്ടിച്ച് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. ഉടൻ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്ന പൊലീസ് സംഘം, യുവാവ് തൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി, സിആർപിആർ നൽകി. ആംബുലൻസ് വിളിച്ച് വലപ്പാട് ദയാ ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസിന്റെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ സഹകരണവും മൂലം യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ഇപ്പോൾ യുവാവ് സുരക്ഷിതനാണ്, ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാനായതിൻറെ ആശ്വാസത്തിലാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവൻ രക്ഷയ്ക്കും വേണ്ടി പൊലീസ് എപ്പോഴും സജ്ജമാണെന്നും ഇത്തരം സംഭവങ്ങളിൽ ഉടൻ വിവരം അറിയിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.