വാഴൂർ സോമൻ: തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ്
text_fieldsവാഴൂർ സോമൻ
തേയിലത്തോട്ടം മേഖല ഉൾക്കൊള്ളുന്ന ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ തൊഴിലാളികൾക്കൊപ്പം നിന്നാണ് വാഴൂർ സോമൻ ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങിയത്. പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി സോമൻ സജീവമായിരുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് 1977 മുതൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂനിയൻ സെക്രട്ടറിയായി തുടർന്നു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ബിജിമോളുടെ പിൻഗാമിയായി മത്സരരംഗത്തേക്ക് വാഴൂർ സോമൻ വരുന്നത്. പീരുമേട്ടിലെ തോട്ടം മേഖലയിലെ സ്വീകാര്യതയും സി.പി.എമ്മിന്റെ ഉറച്ച പിന്തുണയുമാണ് സോമന്റെ തിളക്കമേറിയ വിജയത്തിന് കരുത്തായത്.
ഇടതുമുന്നണിയുടെ ചിട്ടയായ പ്രവർത്തനം, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ പിടിച്ചടക്കിയുള്ള ആത്മവിശ്വാസം ഇതെല്ലാം വിജയത്തിലേക്കുള്ള വഴിയായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസിനെ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോമൻ മറികടന്നത്. കഴിഞ്ഞ തവണ മൂന്നാംവട്ടം മത്സരത്തിനിറങ്ങിയ ഇ.എസ്. ബിജിമോൾ 314 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്.
കോട്ടയം ജില്ലയിലെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയമ്മയുടെയും ഏഴ് മക്കളിൽ ആറാമനായി 1952ലാണ് സോമന്റെ ജനനം. വാഴൂരിലും സോവ്യറ്റ് യൂനിയന്റെ തലസ്ഥാനമായിരുന്ന മോസ്കോയിലുമായി പഠനം പൂർത്തിയാക്കി. 2005ൽ ജില്ല പഞ്ചായത്ത് അംഗമായി വണ്ടിപ്പെരിയാർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായി സോമനെ പാർട്ടി നിയോഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.