വി.സി നിയമന സെർച്ച് കമ്മിറ്റി: സർക്കാറും ചാൻസലറും നൽകിയത് പ്രഗൽഭരുടെ പട്ടിക
text_fieldsഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സംസ്ഥാന സർക്കാറും ചാൻസലറും സുപ്രീംകോടതിയിൽ സമർപ്പിച്ചത് പ്രഗൽഭരുടെ പട്ടിക. സർക്കാർ പട്ടികയിൽ മലയാളികൾ ഉൾപ്പെടെ അക്കാദമീഷ്യർ ഇടംപിടിച്ചപ്പോൾ ചാൻസലർ സമർപ്പിച്ച പട്ടികയിൽ മലയാളികൾ ആരുമില്ല. രണ്ട് സർവകലാശാലകളുടെയും സെർച്ച് കമ്മിറ്റികളിലേക്ക് സർക്കാർ അഞ്ചുപേർ വീതമുള്ള രണ്ട് പട്ടിക സമർപ്പിച്ചപ്പോൾ ചാൻസലർ രണ്ടിലേക്കുമായി എട്ടുപേരുടെ ഒറ്റ പട്ടികയാണ് സമർപ്പിച്ചത്.
സാങ്കേതിക സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് സംസ്ഥാന സർക്കാർ പ്രഫ. രാമസ്വാമി (മുൻ വി.സി ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി), പ്രഫ. നിലോയ് ഗാംഗുലി (ഐ.ഐ.ടി ഖരക്പൂർ), പ്രഫ. വി.എൻ. അച്യുത നൈകാൻ (ഐ.ഐ.ടി ഖരക്പൂർ), പ്രഫ. കെ.എൻ. മധുസൂധനൻ (മുൻ വി.സി, കുസാറ്റ്), പ്രഫ. എം.കെ. ജയരാജ് (കാലിക്കറ്റ് മുൻ വി.സി) എന്നിവരുടെ പേരും ഡിജിറ്റൽ സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് പ്രഫ. ഗോവിന്ദരാജൻ (മദ്രാസ് സർവകലാശാല), ഡോ. എസ്. ചാറ്റർജി (റിട്ട. പ്രഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്), ഡോ. സാബു തോമസ് (എം.ജി സർവകലാശാല മുൻ വി.സി), ഡോ. ടി. ജയരാമൻ (മുൻ ഡയറക്ടർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്), ഡോ. ഗംഗൻ പ്രതാപ് (മുൻ ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) എന്നിവരുടെ പേരുകളുമാണ് സമർപ്പിച്ചത്.
പ്രഫ. വി. കാമകോടി (ചെന്നൈ ഐ.ഐ.ടി ഡയറക്ടർ), പ്രഫ. അഭയ്ക്രാന്തികർ (ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും മുൻ കാൺപൂർ ഐ.ഐ.ടി മുൻ ഡയറക്ടറും), പ്രഫ. ശിരീഷ് ബി. കേദറെ (മുംബൈ ഐ.ഐ.ടി ഡയറക്ടർ), പ്രഫ. അവിനാശ്കുമാർ (ഡയറക്ടർ, ഐ.ഐ.ടി ജോധ്പൂർ), പ്രഫ. മുഗുൾ എസ്. സുതാവൺ (ഡയറക്ടർ, ഐ.ഐ.ടി അലഹാബാദ്), പ്രഫ. പ്രശാന്ത് കൃഷ്ണ (ഡയറക്ടർ, കോഴിക്കോട് എൻ.ഐ.ടി), പ്രഫ. ബിനോദ്കുമാർ കനൗജിയ (ഡയറക്ടർ, അംബേദ്കർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജലന്തർ), പ്രഫ. സച്ചിൻ മഹേശ്വരി (വി.സി, ഗുരു ജാംബേശ്വർ യൂനിവേഴ്സിറ്റി, മൊറാദാബാദ്) എന്നിവരുടെ പേരുകളാണ് ചാൻസലർ സമർപ്പിച്ച പട്ടികയിലുള്ളത്.
രണ്ട് സർവകലാശാലകളിലേക്കും സർക്കാർ പട്ടികയിൽനിന്നും ചാൻസലർ സമർപ്പിച്ച പട്ടികയിൽ നിന്നും രണ്ട് വീതം പേരെ തെരഞ്ഞെടുത്ത് സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് അധ്യക്ഷനായി കോടതി നിയമിച്ച റിട്ട. ജഡ്ജി സുധാൻഷു ധൂലിയക്കുള്ള കോടതി നിർദേശം. ആ പാനലിൽ നിന്ന് മുഖ്യമന്ത്രി ശിപാർശ ചെയ്യുന്ന മുൻഗണന പാലിച്ചായിരിക്കണം വി.സി നിയമനം നടത്തേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.