‘കേരള’യിൽ ഒടുവിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി.സി; പൊലീസ് സംരക്ഷണം തേടി കത്തും നൽകി
text_fieldsതിരുവനന്തപുരം: രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ ഉയർത്തിയ ഭരണപ്രതിസന്ധിക്കിടെ കേരള സർവകലാശാലയിൽ സെപ്റ്റംബർ രണ്ടിന് സിൻഡിക്കേറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നേരത്തെ അടിയന്തിര സിൻഡിക്കേറ്റ് യോഗം വിളിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വി.സിക്ക് നിർദേശം നൽകിയിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. 60 ദിവസത്തിനുള്ളിൽ സിൻഡിക്കേറ്റ് യോഗം ചേർന്നിരിക്കണമെന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥ പാലിക്കുന്നതിനാണ് ഇപ്പോൾ യോഗം വിളിച്ചത്.
ജൂലൈ ആറിന് വി.സിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. സിസാ തോമസിന്റെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ ബഹളം ഉയർന്നതോടെ വി.സി യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് സസ്പെൻഡ് ചെയ്ത രജിസ്ട്രാർ അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും അംഗീകരിക്കാൻ വി.സി തയാറായില്ല.
ഇതിന് പിന്നാലെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും വി.സിക്കെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു. യോഗവിവരം സിൻഡിക്കേറ്റ് അംഗങ്ങളെ അറിയിച്ചത് രജിസ്ട്രാറുടെ ചുമതല നൽകിയ പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പനാണ്. സംഘർഷ സാഹചര്യം മുന്നിൽ കണ്ട് യോഗം ചേരുന്ന വിവരം പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.