Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണി അമ്മയുടെ അന്ത്യകർമം നടത്തിയ റസാഖിനെയും സുലൈമാനെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, വയനാട്ടിലെത്തുമ്പോള്‍ കാണും

text_fields
bookmark_border
കല്യാണി അമ്മയുടെ അന്ത്യകർമം നടത്തിയ റസാഖിനെയും സുലൈമാനെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, വയനാട്ടിലെത്തുമ്പോള്‍ കാണും
cancel

തിരുവനന്തപുരം: വയനാട്ടിൽ മക്കളോ ബന്ധുക്കളോ ഇല്ലാത്ത കല്യാണി അമ്മയുടെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നിർവഹിച്ച മുസ്‍ലിം സഹോദരങ്ങളുടെ മനുഷ്യസ്നേഹത്തെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കല്യാണി അമ്മയെ സ്വന്തം അമ്മയെപ്പോലെ പരിചരിച്ച റസാഖിന്റെയും സുലൈമാന്റെയും സ്നേഹമാണ് മനുഷ്യസ്നേഹത്തിന്റെ യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

റസാഖിനെ ഇന്ന് രാവിലെ ഫോണിൽ വിളിച്ച് കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ചതായും വയനാട്ടിലെത്തുമ്പോൾ ഇരുവരെയും നേരിൽ കാണുമെന്ന് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

‘മക്കളോ ബന്ധുക്കളോ ഇല്ലാത്ത എൺപത്തിയഞ്ചുകാരി കല്യാണി അമ്മയ്ക്ക് അന്ത്യകർമം ചെയ്തത് അയൽപ്പക്കത്തെ ഇസ്‍ലാം മതവിശ്വാസികളായ സഹോദരന്മാർ. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയിൽനിന്നുള്ള ഈ വാർത്തയിൽ തെളിഞ്ഞുകണ്ടത് മനുഷ്യസ്നേഹത്തിന്റെ യഥാർഥ കേരള സ്റ്റോറിയാണ്’ -മുഖ്യമന്ത്രി കുറിച്ചു.

വാർധക്യവും രോഗവും കല്യാണി അമ്മയെ തളർത്തിയപ്പോഴും അയൽവാസികളായ റസാഖും സഹോദരൻ സുലൈമാനും കുടുംബവുമാണ് അവർക്ക് തുണയായതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പെറ്റമ്മയെപ്പോലെ ഇരുവരും കല്യാണി അമ്മയെ പരിചരിച്ചു. അവർ ഈ ലോകത്തുനിന്ന് മടങ്ങിയപ്പോൾ സ്വന്തം മക്കളെപ്പോലെ അന്ത്യകർമങ്ങൾ നിർവഹിച്ചു. അതിനെ തങ്ങളുടെ കടമയായാണ് സഹോദരങ്ങൾ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അത്രയേറെ ഹൃദയസ്പർശിയായിരുന്നു ആ വാർത്ത. ഇന്ന് രാവിലെ റസാഖിനെ ഫോണിൽ വിളിച്ചു. ആ സ്നേഹത്തിന് കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ചു. വയനാട്ടിലെത്തുമ്പോൾ അവരെ കാണാമെന്നും ഉറപ്പുനൽകി’ -മുഖ്യമന്ത്രി വ്യക്തമാക്കി.

‘മനുഷ്യത്വത്തിന്റെ പട്ടുപുതച്ച് കല്യാണി അമ്മ യാത്രയായെന്നാണ് ഞാൻ വായിച്ച വാർത്തയുടെ തലക്കെട്ട്. അതിനുമപ്പുറം പറയാൻ വാക്കുകളില്ല’ എന്ന വാക്കുകളോടെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയിലാണ് മതാതീത സ്നേഹത്തിന്റെ മാതൃകയായ സംഭവം നടന്നത്. അരനൂറ്റാണ്ടോളം അയൽവാസികളായി കഴിഞ്ഞ കല്യാണി അമ്മയെ റസാഖിന്റെയും സുലൈമാന്റെയും കുടുംബം സ്വന്തം അമ്മയെപ്പോലെയാണ് പരിചരിച്ചിരുന്നത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതും മരുന്നെത്തിക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇരുവരും ഏറ്റെടുത്തിരുന്നു.

തന്റെ മരണശേഷം ഈ സഹോദരങ്ങൾതന്നെ അന്ത്യകർമങ്ങൾ നടത്തണമെന്ന് കല്യാണി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് ആണ്ടൂർകുറിഞ്ഞിലകം ഹിന്ദു ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിൽ റസാഖും സുലൈമാനും ഹിന്ദു ആചാരപ്രകാരമുള്ള കർമങ്ങൾ നിർവഹിച്ചു. നാടൊന്നാകെ സാക്ഷിയായ സംഭവം ശ്രദ്ധ നേടിയതിന് പിന്നാലെയാണ് സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheesan Praises Brothers for Performing Last Rites
Next Story