മോദിയും പിണറായിയും ചേര്‍ന്ന് വിഴിഞ്ഞം ഉദ്ഘാടനം ചെയ്താലും ജനമനസില്‍ ഉമ്മന്‍ ചാണ്ടി; അപ്രിയ സത്യങ്ങള്‍ പറയുമെന്ന് ഭയന്നാകും ക്ഷണിക്കാതിരുന്നത് -വി.ഡി. സതീശൻ
text_fieldsപാലക്കാട്: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത സംസ്ഥാന സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപ്രിയ സത്യങ്ങള്‍ പറയുമെന്ന് ഭയന്നാകും വിഴിഞ്ഞത്തേക്ക് വിളിക്കാതിരുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ ഡി.സി.സി പാലക്കാട് സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടിയിലായിരുന്നു വിഴിഞ്ഞം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണോ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അതുകൊണ്ടാണോ പ്രധാനമന്ത്രിയെ വിളിച്ചത്. പിണറായി വിജയന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നത്?. മോദിയെ കൊണ്ട് പിണറായി അഭിനന്ദന വാക്ക് പറയിപ്പിച്ചാലും കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാകില്ല. ജനങ്ങള്‍ക്ക് അറിയാം വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് ആരാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖത്ത് പോയി സകുടുംബം ഫോട്ടോ എടുത്തിട്ട് പിണറായി വിജയന്‍ പറയുകയാണ്, ഞാന്‍ ചെയ്തത് കണ്ടില്ലേയെന്ന്! പിണറായി വിജയന്‍മാര്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത്. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ പിതൃത്വം അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ അബദ്ധം പിണറായി വിജയന് സംഭവിക്കരുത്. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നപ്പോള്‍ ആറായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. കടല്‍ക്കൊള്ളയെന്നും മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍ ആകുമെന്നുമാണ് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഴുതിയത്.
പിണറായി 9 കൊല്ലമായി അധികാരത്തില്‍ ഇരുന്നിട്ടും ഉമ്മന്‍ ചാണ്ടി ചെയ്ത ഒരു അഴിമതി പുറത്തുകൊണ്ടു വരാന്‍ സാധിച്ചോ? 2019 ല്‍ തീര്‍ക്കേണ്ട വിഴിഞ്ഞം പദ്ധതി ആറു കൊല്ലം വൈകി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. കരാര്‍ പ്രകാരമുള്ള റെയില്‍, റോഡ് കണക്ടിവിറ്റികള്‍ പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പടമാണ് വിഴിഞ്ഞം തുറമുഖത്തിന് മുന്നില്‍ വെക്കേണ്ടത്. പ്രധാനമന്ത്രിയെയും കൂട്ടി പിണറായി വിജയന്‍ ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണം.
പ്രതിപക്ഷ നേതാവിനെ വിളിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഔചിത്യമാണ്. അപ്രിയ സത്യങ്ങള്‍ പറയുമെന്ന് ഭയന്നാകും വിളിക്കാതിരുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതു കൊണ്ടാണ് വാര്‍ഷികത്തിന്റെ ഭാഗമായുള്ള തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് എന്നാണ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്. അപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണോ നടത്തുന്നത്? അതുകൊണ്ടാണോ പ്രധാനമന്ത്രിയെ വിളിച്ചത്. പിണറായി വിജയന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നത്? മോദിയെ കൊണ്ട് പിണറായി വിജയന്‍ അഭിനന്ദന വാക്ക് പറയിപ്പിച്ചാലും കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാകില്ല. ജനങ്ങള്‍ക്ക് അറിയാം വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് ആരാണെന്ന്.
ഉമ്മന്‍ ചാണ്ടി കൊണ്ടു വന്ന മെട്രോ റെയിലിന്റെ ഉദ്ഘാടത്തിന് പോലും ഈ സര്‍ക്കാര്‍ അദ്ദേഹത്തെ വിളിച്ചില്ല. ഉമ്മന്‍ ചാണ്ടി ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഭയന്നാണ് അന്ന് അദ്ദേഹത്തെ പിണറായി വിളിക്കാതിരുന്നത്. ഇതെല്ലാം പറയും എന്നതു കൊണ്ടാണ് ഇപ്പോള്‍ വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെയും വിളിക്കാതിരുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് തുറമുഖം ഉദ്ഘാടനം ചെയ്താലും ജനങ്ങളുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുണ്ടാകും.
സി.പി.എമ്മും ബി.ജെ.പിയും സഹയാത്രികരാണ്. ഡല്‍ഹിയില്‍ നിര്‍മ്മല സീതാരാമന് വേണ്ടി മുഖ്യമന്ത്രി ബ്രേക്ക് ഫാസ്റ്റ് ഒരുക്കിയത് എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ നിന്നും മകളെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍മാര്‍ക്ക് അത്താഴ വിരുന്ന് ഒരുക്കിയത്. ബി.ജെ.പിക്കാരുമായാണ് മുഖ്യമന്ത്രിയും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും. മകള്‍ക്കെതിരായ അന്വേഷണങ്ങള്‍ ഒഴിവാക്കാനാണ് പിണറായി വിജയന്‍ ബി.ജെ.പി നേതാക്കളുടെ കാലുപിടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. വിഴിഞ്ഞംഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്ന് പിണറായി സര്‍ക്കാറിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് ബി.ജെ.പിയെ സ്വാധീനിച്ച് മാസപ്പടി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രമായിരുന്നു. കേരള ഹൗസില്‍ വച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ബി.ജെ.പി ഗവര്‍ണര്‍മാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയുടെയും തുടര്‍ച്ചയായിട്ടാണ് പ്രധാനമന്ത്രിക്കു മാത്രം ചുവന്ന പരവതാനി വിരിച്ചത്. എന്നാല്‍, ഇക്കാര്യം പുറത്തുവന്നതോടെ സര്‍ക്കാരിനു തിരുത്തേണ്ടി വന്നു. 2023 ഒക്ടോബറില്‍ ആദ്യ കപ്പല്‍ ക്രെയിനുമായി വന്നപ്പോള്‍ സര്‍ക്കാര്‍ നടത്തിയ ആഘോഷത്തിനിടയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയന്‍ ഇത്തവണ ആ തെറ്റുതിരുത്തണം. പദ്ധതിയുടെ ശിൽപി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
തുറമുഖ പദ്ധതിയെ തുറന്നെതിര്‍ക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തിട്ടും 2015ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നു. 5500 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും ജുഡീഷ്യല്‍ കമീഷനെ വെക്കുകയും വിജിലന്‍സിനെ കൊണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തിക്കുകയും ചെയ്ത ശേഷമാണ് 'വിഴിഞ്ഞം വിജയന്റെ വിജയഗാഥ' എന്ന മട്ടില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കുടുംബസമേതം വരെ തുറമുഖത്തെത്തി ക്രെഡിറ്റെടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യു.ഡി.എഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ സാധിക്കാത്ത പിണറായി വിജയനെയാണ് സൂര്യന്‍, ചന്ദ്രന്‍, അര്‍ജുനന്‍, യുദ്ധവീരന്‍, കപ്പിത്താന്‍, ക്യാപ്റ്റന്‍ എന്നൊക്കെ സി.പി.എം അടിമകള്‍ അഭിസംബോധന ചെയ്യുന്നത്.
'5000 കോടിയുടെ ഭൂമി തട്ടിപ്പും കടല്‍ക്കൊള്ളയും', 'മത്സ്യബന്ധനത്തിന് മരണമണി', 'കടലിന് കണ്ണീരിന്റെ ഉപ്പ്', തുടങ്ങിയ തലക്കെട്ടുകള്‍ നിരത്തിയ പാര്‍ട്ടി പത്രം 2023ല്‍ ആദ്യത്തെ കപ്പല്‍ എത്തിയപ്പോള്‍ എഴുതിയത് 'തെളിഞ്ഞത് സര്‍ക്കാറിന്റെ ഇച്ഛാശക്തി' എന്നായിരുന്നു. ഇത്രയെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തിയ ശേഷം ഒരുളുപ്പിമില്ലാതെ ഇതെല്ലാം വിജയന്റെ വിജയഗാഥയായി പ്രചരിപ്പിക്കാന്‍ സി.പി.എമ്മിനു മാത്രമേ കഴിയൂ. മാപ്പ് എന്നൊരു വാക്കെങ്കിലും ഉദ്ഘാടന ദിവസം പിണറായി വിജയനില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.