കാന്തപുരത്തിന്റെ പ്രസ്താവന: നിലപാടിൽ മാറ്റമില്ല, താൻ വിമർശനത്തിന് അതീതനല്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്നെ വിമർശിക്കുന്നവർ തന്റെ ശത്രുക്കളല്ലെന്നും അവർക്ക് അതിനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തന്നെ വിമർശിക്കാനും തനിക്കെതിരെ ലേഖനങ്ങളെഴുതാനും മറ്റുള്ളവർക്ക് അവകാശമുണ്ട്. വിമർശകരുടെ അവകാശത്തേയോ അവർ ഉപയോഗിക്കുന്ന ഭാഷയേയോ താൻ ചോദ്യം ചെയ്യുന്നില്ല. അതെല്ലാം പൊതുസമൂഹം വിലയിരുത്തട്ടെ. തന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് മാധ്യമങ്ങളെ വിളിച്ചറിയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
എ.പി. വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന രീതിയിലുള്ള വാർത്തകളെ അദ്ദേഹം തള്ളി. നേതാക്കളുമായുള്ള അപ്പോയിന്റ്മെന്റ് മൂന്നാഴ്ച മുൻപേ നിശ്ചയിച്ചതാണ്. താൻ വാർത്താസമ്മേളനം നടത്തിയതുകൊണ്ട് മാത്രം കാണാൻ വന്നവരല്ല അവർ. സാമൂഹിക മാധ്യമങ്ങളിൽനിന്ന് തന്റെ പ്രതികരണം ഡിലീറ്റ് ചെയ്തുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ക്രോസ് പോസ്റ്റിങ്ങിന്റെ ഭാഗമായുണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണതെന്നും പൂർണ്ണരൂപത്തിലുള്ള വീഡിയോ ഇപ്പോഴും ലഭ്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ചേന്തി അനിൽ ജയിലിൽനിന്ന് പുറത്തുവന്ന ശേഷം തന്നോട് ക്ഷമ ചോദിച്ചുവെന്നും ആ ക്ഷമാപണം സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹത്തോട് യാതൊരു വിരോധവുമില്ല. തെറ്റ് ഏറ്റുപറഞ്ഞപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്തതുപോലെയാണ് തോന്നിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

