അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് വി.ഡി. സതീശൻ; ‘യു.ഡി.എഫിന്‍റെ ചോദ്യങ്ങൾക്ക് ആദ്യം മറുപടി നൽകണം’
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: ഇടത് സർക്കാർ നടത്താൻ പോകുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയെ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. അയ്യപ്പ സംഗമത്തിന്‍റെ യുക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു.
എൽ.ഡി.എഫ് വന്ന ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒമ്പത് വർഷമായി ശബരിമലയുടെ വികസനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. സർക്കാറിന്‍റെ കാപട്യം അയ്യപ്പഭക്തർ തിരിച്ചറിയും. ശബരിമലയുടെ വികസനത്തിന് സർക്കാർ പണം നൽകുമോ എന്നും സതീശൻ ചോദിച്ചു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്‍റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച അനുകൂല സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ?, നാമജപ ഘോഷയാത്രകൾ ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയവർക്കെതിരായ കേസുകൾ പിൻലിക്കുമോ?. ഈ വിഷയങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമത്തെ ബഹിഷ്കരിക്കുന്നില്ലെന്നും എന്നാൽ, പിന്തുണയില്ലെന്നും സതീശൻ വ്യക്തമാക്കി. ആദ്യം പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം. ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ മനപൂർവം കാണാതിരുന്നിട്ടില്ല. അനുവാദം ചോദിക്കാതെയാണ് പി.എസ്. പ്രശാന്ത് വന്നത്. കാണാൻ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണ്. സംഘാടക സമിതിയിൽ പേര് വച്ചത് അനുവാദമില്ലാതെയാണെന്നും സതീശൻ വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തയാറായില്ലെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. സതീശൻ കന്റോണ്‍മെന്റ് ഹൗസിലുള്ള സമയത്താണ് ദേവസ്വം ബോർഡ് പ്രസിഡൻറ് എത്തിയതെങ്കിലും കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനൊപ്പം ബോര്‍ഡ് അംഗവുമുണ്ടായിരുന്നു. അൽപസമയം കാത്തിരുന്ന ശേഷം ക്ഷണക്കത്ത് ഓഫിസിൽ ഏൽപ്പിച്ച് മടങ്ങി. ഇക്കാര്യം പ്രശാന്ത് തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംഗമത്തിനുള്ള ക്ഷണം പ്രതിപക്ഷ നേതാവ് നിരസിച്ചുവെന്നത് വ്യക്തമായി.
നേരത്തെ, സംഘാടക സമിതി ഉപരക്ഷാധികാരിയായി വി.ഡി. സതീശനെ നിശ്ചയിച്ചിരുന്നു. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയായിരുന്നു അത്. തന്നോട് ആലോചിക്കാതെ പേര് ഉള്‍പ്പെടുത്തിയതിലെ കടുത്ത അതൃപ്തി സതീശൻ തുറന്നു പറയുകയും ചെയ്തിരുന്നു. മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ശേഷമാണ് പ്രശാന്ത് ദേവസ്വം പ്രസിഡന്റായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.