'ഉപദേശത്തിന് നന്ദി, കോൺഗ്രസിനെതിരെ ചൂണ്ടുമ്പോൾ നാലുവിരൽ മുഖ്യമന്ത്രിയുടെ നേർക്ക്; ബി.ജെ.പിക്ക് കാളയെ ആവശ്യംവന്നല്ലോ'
text_fieldsവി.ഡി. സതീശൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്.ഐ.ആറില്ല- എന്നിട്ടും ധാർമികതയുടെയും സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിന്റെയും പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട രണ്ടുപേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തുവെന്നും വി.ഡി. സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി നിലവിൽ നിയമസഭയിൽ കൈ ഉയർത്തുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവമെന്നാണ് പാർട്ടി സെക്രട്ടറി അതിനെ വിശേഷിപ്പിക്കുന്നത്. എൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഭാഷയിൽ അവതാരം എന്ന് വിശേഷണമുള്ള ആൾ മന്ത്രിമാർക്കെതിരെയും സ്പീക്കർക്കെതിരെയും പാർട്ടിനേതാക്കൾക്കെതിരെയും എത്ര പരാതികൾ പറഞ്ഞു. പരാതികളിൽ കേസെടുത്തോ.? മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ മാനനഷ്ടക്കേസ് കൊടുത്തോ.? ഒരു പാർട്ടി നടപടി ഉണ്ടായോ. മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്. ഒരുവിശദീകരണം ചോദിക്കാൻ പോലും മുഖ്യമന്ത്രി മുതിർന്നിട്ടില്ല.
ലൈംഗീക ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല റിവേഴ്സ് ഹവാല ആരോപണങ്ങൾ ഉയർന്നിട്ട് എന്തു നടപടി എടുത്തു. വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് ഒരു മറുപടി പറഞ്ഞോ മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. നിലവിലെ ഗവൺമെന്റിന്റെ തെറ്റായ കാര്യങ്ങൾ മറക്കുവാനായാണ് കോൺഗ്രസ് നടപടിയെടുത്ത വിഷയത്തിൽ സി.പി.എം പ്രതിഷേധവുമായി ഇറങ്ങുകയാണ്.
108 ആംബുലൻസുമായി 2019ൽ സ്വകാര്യ കമ്പനിക്ക് 517 കോടി രൂപ ലേലമില്ലാതെ കരാർ നൽകി. അഞ്ചുകൊല്ലത്തിന് ശേഷം മത്സരാധിഷ്ഠിത കരാർ നൽകിയപ്പോൾ ഇത് 293 കോടിയായി കുറഞ്ഞു. അന്ന് 316 ആംബുലൻസുകളാണ് ഉണ്ടായത് ഇന്ന് 335 എണ്ണമായി, അന്ന് ഡീസൽ വില 66 രൂപയും ഇന്ന് 97ഉമാണ്. അന്നത്തെ സ്പെയർ പാർട്സിനേക്കാൾ 40 ശതമാനം കുറവാണ് ഇന്നത്തെ വില. അന്ന് ഇത്രയധികം തുക അവരുടെ കയ്യിൽ നിന്ന് തട്ടിയെടുത്തതാണ്.
നിലവിലെ ടെൻഡർ പോലും ഇതര ടെൻഡർ നൽകിയ ആളുകളുടെ ചോർത്തിയാണെന്ന് ആരോപണമുണ്ട്. 2024 ജൂൺ വരെ പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിച്ച് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഭൂപതിവ് ചട്ടം. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമാണത്തിന് വീണ്ടും ഫീസ് ഈടാക്കുമെന്നും 2024 ജൂൺ വരെയുള്ളവരെയേ ചട്ടത്തിൽ പരാമർശിക്കുന്നുള്ളൂ. അതിന് ശേഷം നിർമിച്ചവരെയോ ഇനി നിർമിക്കുന്നവരേയോ സംബന്ധിച്ച് വിവരമില്ല. സത്യത്തിൽ ഒരിക്കൽ ഫീസ് അടച്ചവരിൽ നിന്ന് വീണ്ടും ഫീസ് തട്ടിയെടുക്കുക മാത്രമാണ് നടക്കുന്നത്. ഭൂവിഷയത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷ പ്രീണന നിലപാടാണ്. സംഘപരിവാറിനെ കൂടി വിളിക്കുമെന്നാണ് സർക്കാരിൻറെ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. ഗവൺമെന്റ് ഉത്തരവിൽ തന്നെയും ഉപരക്ഷാധികാരിയാക്കിയിട്ടുണ്ട്, എന്നാലിത് തന്റെ അനുമതിയില്ലാതെയാണ്. അയ്യപ്പാ സംഗമത്തിന് യു.ഡി.എഫ് ഇല്ല. ശബരിമലയില്‍ പഴയ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.