വേടന്റെയും ഗൗരിയുടെയും പാട്ടുകള്‍ വാഴ്സിറ്റി സിലബസില്‍ നിന്ന് നീക്കില്ല
text_fieldsഎം.എം ബഷീർ സമിതി റിപ്പോർട്ട് പഠന ബോർഡ് തള്ളി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബി.എ മലയാളം (ഹോണേഴ്സ്) ഭാഷയും സാഹിത്യവും സിലബസില്‍ നിന്ന് വേടന് എന്ന ഹിരണ്‍ദാസ് മുരളിയുടെയും ഗായിക ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കില്ലെന്ന് പഠനബോർഡ്. മലയാള-കേരള പഠനവിഭാഗം മുന്‍ മേധാവി ഡോ. എം.എം ബഷീറിന്റെ റിപ്പോര്‍ട്ട് തള്ളിയ പഠനബോർഡ് ചെയർമാനും തിരൂർ തുഞ്ചൻ കോളജ് മലയാളം അധ്യാപകനുമായ ഡോ. എ.എം അജിത്ത് പാട്ടുകൾ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി. ഡോ. എം.എം ബഷീറിന്റെ റിപ്പോർട്ടിന് നിയമസാധുതയില്ലെന്ന നിലപാടെടുത്താണ് പഠനബോർഡ് തീരുമാനം. സർവകലാശാല ചാൻസലറായ ഗവർണറുടെ നിർദേശപ്രകാരം സമിതിയെ നിയോഗിച്ച് വേടന്റെ പാട്ടുകൾ ഒഴിവാക്കാനായിരുന്നു ശ്രമം. ഈ നീക്കത്തെ പ്രതിരോധിക്കുന്ന സമീപനമാണ് ഇടത് അംഗങ്ങൾക്ക് ആധിപത്യമുള്ള മലയാള പഠന ബോർഡ് അംഗങ്ങളിൽ നിന്നുണ്ടായത്.
വേടന്റെ പാട്ടില്‍ ചില ഭാഗങ്ങളില്‍ വസ്തുതാപരമായ തെറ്റുകളും ആശയപരമായ വൈരുധ്യങ്ങളുമുണ്ടെന്നും മൈക്കള്‍ ജാക്സന്റെ ദേ ഡോണ്ട് കെയര്‍ എബൗട്ട് ഇറ്റ് എന്ന ഗാനത്തിന്റെയും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന ഗാനത്തിന്റെയും സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യം ബി.എ മലയാളം വിദ്യാർഥികള്‍ക്ക് അപ്രാപ്യമാണെന്നുമായിരുന്നു റിപ്പോർട്ടിലെ നിരീക്ഷണം.
കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം നടത്താന്‍ മലയാളം ബി.എ വിദ്യാർഥികളോട് ആവശ്യപ്പെടുന്നത് കഠിനമാണെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.