കരിങ്കൊടി പ്രതിഷേധം മാത്രം; വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്
text_fieldsകണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആക്രമണം നടത്തിയെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടതെന്നും അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം വീണാ ജോർജും ഗൺമാനും സംഭവത്തെ പെരുപ്പിച്ചുകാണിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.
ഗൺമാനാണ് കേസിൽ മൊഴി നൽകിയിരുന്നത്. ഇയാൾ പിന്നീട് മൊഴിമാറ്റിയിരുന്നു. അന്ന് മന്ത്രിയുടെ സമ്മർദ്ദം മൂലമാണ് കെ.എസ്.യുക്കാർ അക്രമിച്ചതാണെന്ന് മൊഴിനൽകിയതെന്നായിരുന്നു മൊഴിയിലുണ്ടായിരുന്നത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് നേരിയ പരിക്കേറ്റുവെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മൊഴിനൽകിയിട്ടുണ്ട്.
2026 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർ വീണ ജോർജിനെ ആക്രമിച്ചുവെന്നാണ് കേസ്. അധികാരത്തിലേറിയതിന് പിന്നാലെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യു.ഡി.എഫ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
അതേ സമയം കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പുനരന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചു.
കെ.എസ്.യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ആയുധങ്ങളൊന്നുമില്ലാതെ കൊടിയെന്ന് പോലും പറയാൻ പറ്റാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെയാണ് വധശ്രമക്കേസെടുത്ത് റിമാൻഡ് ചെയ്തത്. മന്ത്രിയുടെ അടുത്തെത്താൻ പോലും കെ.എസ്.യു പ്രവർത്തകർക്ക് കഴിഞ്ഞില്ലെന്നും മന്ത്രി വീണാ ജോർജും ഗൺമാനും പെരുപ്പിച്ച് കാണിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയതെന്നും റിപ്പോർട്ട് പറയുന്നു. ഗൺമാനെതിരായ നടപടി ഡി.ജി.പിയുടെ വിവേചനാധികാരം ഉപയോഗിച്ച് സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വീണാ ജോർജിനെതിരെയും ഗൺമാൻ എം.എസ്. അഭിലാഷിനെതിരെയും ടി.ഒ. മോഹനൻ എം.എൽ.എ കോടതിയിൽ നൽകിയ സ്വകാര്യ ഹരജി നിലനിൽക്കുന്നതിനാൽ നടപടി റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടില്ല. ശനിയാഴ്ച സർവിസിൽനിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് എസ്.ഐ.ടി തലവൻ കെ.എ.പി നാലാം ദളം കമാൻഡന്റായിരുന്ന യു. പ്രേമൻ അന്വേഷണ റിപ്പോർട്ട് ഒപ്പിട്ട് ഡി.ജി.പിക്ക് കൈമാറിയത്. അഞ്ച് കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനുനേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചതായുള്ള എഫ്.ഐ.ആർ പൂർണമായി തള്ളുന്ന റിപ്പോർട്ടാണ് എസ്.ഐ.ടി പുനരന്വേഷണത്തിലൂടെ സമർപ്പിച്ചത്. ഫെബ്രുവരി 25നാണ് വീണാ ജോർജിനെതിരെ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് എം.സി. അതുലിന്റെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. സംസ്ഥാനമാകെ അന്ന് വലിയ ചർച്ചയായ കേസാണ് പുനരന്വേഷണത്തിലുടെ നിലവിൽ സി.പി.എമ്മിന് തന്നെ തിരിച്ചടിയാകുന്നത്.

