പിതാവിനും ഭർത്താവിനും തന്‍റെ ബിസിനസ് ഇടപാടുകളുമായി ബന്ധമില്ല-വീണ വിജയൻ
text_fieldsകൊച്ചി: സി.എം.ആർ.എൽ, എക്സാലോജിക് സൊല്യുഷൻസ് കമ്പനികൾ തമ്മിലെ ഇടപാടുകളിലോ നടത്തിപ്പിലോ തന്‍റെ പിതാവായ മുഖ്യമന്ത്രി പിണറായി വിജയന് ഒരു പങ്കുമില്ലെന്ന് വീണ വിജയന്‍റെ സത്യവാങ്മൂലം. ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനും തന്‍റെ ബിസിനസ് ഇടപാടുകളുമായി ബന്ധമില്ല. ഇടപാടുകൾ സുതാര്യമാണ്. സംരംഭകയായ തന്നെ മുഖ്യമന്ത്രിയുടെ മകളായതിനാൽ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമം. മുഖ്യമന്ത്രിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്താൻ ഉദ്ദേശിച്ചാണ് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഇല്ലാത്ത സേവനത്തിന് വീണക്കും കമ്പനിയായ എക്സാലോജിക്കിനും സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന, വരുമാന നികുതി വകുപ്പിന് കീഴിലെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ എം.ആർ. അജയൻ നൽകിയ ഹരജിയിലാണ് വിശദീകരണം.
15ാം എതിർകക്ഷിയായ മുഖ്യമന്ത്രിയും ഇടപാടുകളിൽ പങ്കില്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകിയിരുന്നു. തന്റെ കമ്പനിയുമായി സി.എം.ആർ.എൽ നടത്തിയ ഇടപാടുകളടക്കം എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുകയും രേഖകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമാന്തര അന്വേഷണത്തിന്‍റെ ആവശ്യമില്ല. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികൾ വിജിലൻസ് കോടതികൾ തള്ളിയതാണ്. ഇത് ഹൈകോടതിയും ശരിവെച്ചിരുന്നു. കമ്പനികൾ തമ്മിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മാത്രമാണ് ഇടപാട് നടന്നത്. താനോ പിതാവോ സി.എം.ആർ.എല്ലിന് അനുകൂലമായി എന്തെങ്കിലും ചെയ്തു നൽകിയതിന്റെ രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. 2014 ലാണ് കമ്പനി തുടങ്ങിയത്. 2016ലാണ് പിതാവ് മുഖ്യമന്ത്രിയാകുന്നത്. താനോ കമ്പനിയോ ബോർഡിൽ കക്ഷിയല്ലെന്നിരിക്കെ സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ തങ്ങൾക്കെതിരെ സി.ബി.ഐ അന്വേഷണ ആവശ്യം നിലനിൽക്കുന്നതല്ല. 2012ൽ രവി പിള്ളയുടെ ആർ.പി ടെക്സോഫ്റ്റ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സി.ഇ.ഒ ആയിരുന്നു എന്നതല്ലാതെ കോവളം കൊട്ടാരം കൈമാറ്റവുമായി ബന്ധമില്ല.
ഹരജി ജൂൺ 17ന് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കും.
സി.എം.ആർ.എൽ: നടപടിയെടുക്കേണ്ടത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് -സെബി
കൊച്ചി: സി.എം.ആർ.എൽ കമ്പനിയുടെ സ്റ്റോക്കുകളും ഓഹരികളും ഡീ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നടപടിയെടുക്കേണ്ടത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) ഹൈകോടതിയിൽ. സ്റ്റോക്കുകൾ ഡീ ലിസ്റ്റ് ചെയ്യണമെന്നും സുതാര്യതക്കായി ഓഫർ രേഖകൾ സൂക്ഷ്മ പരിശോധന നടത്തണമെന്നും സി.എം.ആർ.എൽ -എക്സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എതിർകക്ഷിയായ സെബിയുടെ ജനറൽ മാനേജർ നിർമൽ മെഹ്റോത്രയുടെ മറുപടി. മാധ്യമ പ്രർത്തകനായ എം.ആർ. അജയനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.