'എന്താണ് താഴേക്ക് എറിഞ്ഞതെന്ന് ഓട്ടോ ഡ്രൈവർ..?, ഒരാളെ കൊന്നു, മൃതദേഹമാണ് സ്യൂട്കേസിലെന്ന് പ്രതി'; വെള്ളമുണ്ട കൊലപാതകത്തിൽ പ്രതിയുടെ ഭാര്യയും അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട മുഖീബ്, പ്രതി മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ്
കൽപറ്റ: അന്തർ സംസ്ഥാന തൊഴിലാളിയായ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ആരിഫിന്റെ ഭാര്യയും അറസ്റ്റിൽ. യു.പി സ്വദേശിയായ സൈനബിന്റെ അറിവോടെയാണ് കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ.
തൊണ്ടര്‍നാട് വെള്ളിലാടിയിൽ വാടകക്ക് താമസിച്ച് പെയിന്റിങ് ജോലി ചെയ്യുന്ന യു.പി സ്വദേശി മുഖീബി(25)നെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. യു.പി സഹറാന്‍പൂര്‍ സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആരിഫ് വെള്ളിലാടിയില്‍ കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്ത് മുഖീബുണ്ടായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ സുഹൃത്തിനെ കണ്ടപ്പോള്‍ വാക്കേറ്റമുണ്ടാവുകയും ഭാര്യയുടെ മുന്നിൽവെച്ച് മുഖീബിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പറയുന്നത്.
പിന്നീട് വെള്ളമുണ്ട ടൗണില്‍ പോയി കത്തിവാങ്ങി വീട്ടില്‍ തിരിച്ചെത്തി ഭാര്യയെ മുറിയില്‍ നിന്ന് മാറ്റിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിയിലും തന്റെ കൈവശമുള്ള സ്യൂട്ട്കേസിലുമാക്കി. രാത്രി സുഹൃത്ത് അസം സ്വദേശിയായ ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി മൃതദേഹമടങ്ങിയ പെട്ടികള്‍ വാഹനത്തില്‍ കയറ്റി മൂളിത്തോട് ഭാഗത്തേക്ക് പോയി. മൂളിത്തോട് പാലത്തിന് മുകളില്‍ വാഹനം നിർത്തി ഒരു പെട്ടിയും കുറച്ചുദൂരം മാറി രണ്ടാമത്തെ പെട്ടിയും ഉപേക്ഷിച്ചു.
സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം തിരക്കിയപ്പോള്‍ ആരിഫ് കുറ്റബോധമില്ലാതെ വിവരങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് സ്യൂട്ട്കേസിലുെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു.
തുടർന്ന് ഓട്ടോഡ്രൈവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് തൊണ്ടർനാട്, മാനന്തവാടി സ്റ്റേഷനുകളിലെ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം നിറച്ച പെട്ടികള്‍ കണ്ടെത്തിയത്. രാത്രിയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികളെ ശനിയാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തെത്തിച്ച് വെള്ളമുണ്ട പൊലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥരോട് യാതൊരു കൂസലുമില്ലാതെയാണ് പ്രതി ആരിഫ് സംഭവങ്ങള്‍ വിശദീകരിച്ചത്. മുഖീബും ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ സംശയിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന. ശനിയാഴ്ച രാത്രിയോടെ മാനന്തവാടി കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.