വി.ഡി. സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി; ‘ഈഴവ വിരോധി, കെ. സുധാകരനെ ഒതുക്കി...’
text_fieldsമൂവാറ്റുപുഴ: മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുകയാണെന്നും മുസ്ലിം ലീഗിനെ സുഖിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈഴവ വിരോധം പ്രസംഗിക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂവാറ്റുപുഴയിൽ എസ്.എൻ.ഡി.പി യോഗം കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം യൂനിയനുകളുടെ മേഖല നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തെ സംസ്ഥാനമായി കണ്ടാണ് ഭരണാധികാരികൾ പെരുമാറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് പോലും മതത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം സമുദായത്തിനാണ് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികമുള്ളത്. ഇക്കാര്യം പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രീനാരായണ ധർമം പഠിപ്പിക്കാൻ വരികയാണ്.
പിണറായി വിജയനെതിരെ പോലും കൈ ഉയർത്തി സംസാരിക്കുന്ന സതീശൻ പരമ പന്നനാണ്. സതീശൻ കെ. സുധാകരനെ ഒതുക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മാന്യമായി കൈകാര്യം ചെയ്യണം. അതിനുള്ള കഴിവ് അയാൾക്കില്ല. കാര്യങ്ങൾ പറയുമ്പോൾ തന്നെ മുസ്ലിംവിരുദ്ധനായി ചിത്രീകരിക്കുകയാണ്. പറഞ്ഞ അഭിപ്രായത്തിൽനിന്ന് പിന്നോട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈഴവരുടെ വോട്ട് ഈഴവരുടെ കൂടി വിജയത്തിനായിരിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, മൂവാറ്റുപുഴ യൂനിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, കോതമംഗലം യൂനിയൻ പ്രസിഡന്റ് അജി നാരായണൻ, കൂത്താട്ടുകുളം യൂനിയൻ സെക്രട്ടറി സി.പി. സത്യൻ, കോതമംഗലം യൂനിയൻ സെക്രട്ടറി പി.എ. സോമൻ എന്നിവർ സംസാരിച്ചു.
മറുപടിയുമായി സതീശൻ: ‘ഗുരുദേവൻ വിലക്കിയത് വെള്ളാപ്പള്ളി ചെയ്യുന്നു’
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഈഴവ വിരോധിയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശ്രീനാരായണഗുരു എന്താണോ പറയാനും ചെയ്യാനും പാടില്ലെന്ന് പറഞ്ഞത് അതാണ് വെള്ളാപ്പള്ളി പറയുകയും ചെയ്യുകയും ചെയ്യുന്നത്. ആര് വർഗീയത പറഞ്ഞാലും ഞങ്ങൾ എതിർക്കും. വിദ്വേഷ കാമ്പയിൻ ആര് നടത്തിയിലും അതിനെതിരെയും സംസാരിക്കും. തെരഞ്ഞെടുപ്പ് എന്ന് കരുതി മാറ്റിവെക്കില്ല. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ശരി. 25 വർഷമായി ഞാൻ എം.എൽ.എയാണ്. എന്റെ മണ്ഡലത്തിൽ 52 ശതമാനവും ഇഴവ സമുദായമാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നവർ മണ്ഡലത്തിലുള്ളവരാണ്. ഞാൻ ശ്രീനാരായണീയനും ഗുരുദർശന ഇഷ്ടപ്പെടുന്നയാളും വിശ്വസിക്കുന്നയാളും അവയുടെ പ്രചാരകനും കൂടിയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് മതേതര പാര്‍ട്ടിയല്ല, മതരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവർ -വെള്ളാപ്പള്ളി
പെരുമ്പാവൂര്‍: മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയല്ലെന്നും മതരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി കുന്നത്തുനാട് താലൂക്ക് യൂനിയന്‍ പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ശാഖ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഒരു കാര്യം നടക്കണമെങ്കില്‍ പാണക്കാടുനിന്ന് പറയേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഈഴവന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കുന്നത്തുനാട് താലൂക്ക് യൂനിയന്‍ ചെയര്മാന് കെ.കെ. കര്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി സംഘടനാവിശദീകരണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.