കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യാനികളിലെ ഒരു വിഭാഗം - വെള്ളാപ്പള്ളി
text_fieldsഈരാറ്റുപേട്ട: ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ സമുദായത്തിലെ ഒരു വിഭാഗമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിംകൾ നാമമാത്രമായേ മതപരിവർത്തനം നടത്തുന്നുള്ളൂ. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂനിയൻ നടത്തിയ ഈഴവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിൽ എയ്ഡഡ് കോളജുകൾ ഒരു വിഭാഗത്തിന് മാത്രമേയുള്ളൂ. ബാബരി പള്ളി തകർത്തപ്പോൾ അത് ശരിയല്ലെന്ന് പ്രമേയം പാസാക്കിയവരാണ് ഞങ്ങൾ. പണ്ട് നിലയ്ക്കൽ പ്രശ്നമുണ്ടായപ്പോൾ നിലയ്ക്കലിൽ പള്ളി വേണമെന്ന് പറഞ്ഞവരാണ് നമ്മൾ. നമ്മൾ പറഞ്ഞാൽ വർഗീയതയും മറ്റുള്ളവർ പറഞ്ഞാൽ മതേതരത്വവുമാകുന്നതെങ്ങനെ. വാഗമണിൽ കുരിശുമലക്ക് 450 ഏക്കർ സർക്കാർ പതിച്ചുകൊടുത്തു. പള്ളിക്ക് കൊടുക്കുമ്പോൾ ആർക്കും കുഴപ്പമില്ല. ഞാനും ഒരു പള്ളിയാ, വെള്ളാപ്പള്ളി. പക്ഷെ ഞങ്ങൾക്ക് ഒന്നും തന്നില്ല. പിന്നെ മാണിസാർ ഒരു മുരുകൻമലയിൽ 15 ഏക്കർ തന്നു. പച്ചവെള്ളം കിട്ടാത്ത ഒരു പട്ടിക്കാട്.
മറ്റുള്ളവർ ഒന്നിച്ച് നന്നാവുമ്പോൾ നമ്മൾ ഭിന്നിച്ചു തീരുകയാണ്. നമുക്ക് ഒന്നിച്ചുനിന്ന് പോരാടേണ്ടതുണ്ട്. അതിനുള്ള നാന്ദിയാവട്ടെ ഈ മഹാസമ്മേളനം. സാമൂഹിക നീതിക്കായി ശബ്ദിക്കുമ്പോൾ ജാതി പറയുന്നുവെന്ന് ആക്ഷേപിച്ച് വായടപ്പിക്കാൻ നോക്കേണ്ട. നാഴികക്ക് നാൽപതുവട്ടം മതേതരത്വം പറയുന്നവർ സാമൂഹിക നീതിക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. മലപ്പുറത്ത് താൻ പറഞ്ഞ ചില കാര്യങ്ങൾ മുസ്ലിം സമുദായത്തിനെതിരായി വളച്ചൊടിക്കാൻ ചിലർ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.