നിലമ്പൂരിലെ വിവാദ പ്രസംഗം ന്യായീകരിച്ച് വെള്ളാപ്പള്ളി; മലപ്പുറത്ത് ഈഴവ സമുദായത്തിന് നേരെയുണ്ടായ നീതികേട് തുറന്നു കാട്ടുകയാണ് ചെയ്തത്
text_fieldsകൊച്ചി: വിവാദമായ നിലമ്പൂർ പ്രസംഗം ന്യായീകരിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവ സമുദായത്തിന് നേരെയുണ്ടായ നീതികേട് തുറന്നു കാട്ടുകയാണ് താൻ ചെയ്തതെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂനിയൻ നൽകിയ ആദരിക്കൽ ചടങ്ങിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിൽ മുസ്ലിം സമുദായത്തിന് 11 എയ്ഡഡ് കോളജുള്ളപ്പോൾ ഈഴവ സമുദായത്തിന് ഒന്ന് പോലും അനുവദിച്ചില്ല. സംസ്ഥാനത്താകെ എസ്.എൻ.ഡി.പിക്കുള്ളത് 13 കോളജ് മാത്രമാണ്.
‘‘പിന്നാക്ക സമുദായ മുന്നണിയെന്ന പേരിൽ മുസ്ലിം ലീഗുമായി ചേർന്ന് സാമൂഹിക നീതിക്ക് വേണ്ടി പ്രവർത്തിച്ചതാണ് നമ്മൾ. സെക്രട്ടറിയേറ്റ് ധർണയും ഒട്ടേറെ സമരങ്ങളും നടത്തി. ഇടതിനെ പുറത്താക്കി ഭരണം പിടിച്ചപ്പോൾ വിദ്യാഭ്യാസ വകുപ്പ് കൈയാളിയ ലീഗിന് മുന്നിൽ പടികൾ കയറിയിറങ്ങി മടുത്തതല്ലാതെ ഈഴവ സമുദായത്തിന് ഒന്നും ലഭിച്ചില്ല. ഏതെങ്കിലും ഒരു അവയവം മാത്രം വളർന്നാൽ വളർച്ചയാവില്ല. ശരീരം മുഴുവൻ ഒരേ അളവിൽ വളരണം. മുസ്ലിം ലീഗ് കാണിച്ച അനീതിയടക്കമാണ് നിലമ്പൂരിൽ ചൂണ്ടിക്കാണിച്ചത്. ഇതിന് എന്തിനാണ് മാപ്പ് പറയേണ്ടത്. വർഗീയത പറഞ്ഞ താൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ നിന്ന് രാജിവെക്കണമെന്നും മുറവിളി. പിണറായിയാണ് തന്നെ സമിതിയിൽ നിയമിച്ചത്. അദ്ദേഹം പറയട്ടെ. അപ്പോൾ രാജിവെക്കാം’’ -വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുത്താൽ മറ്റൊരു ന്യൂനപക്ഷ സമുദായത്തിനാണ് മുൻതൂക്കം. ശ്രീനാരായണ ഗുരു ആരെന്ന് പോലും അറിയാത്തയാളെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സർവകലാശാലയിൽ വൈസ് ചാൻസലറാക്കിയത്. ഇടതുപക്ഷമായിരുന്നെങ്കിലും വിദ്യാഭ്യാസ മന്ത്രി മുസ്ലിമായിരുന്നു. രാജ്യസഭയിലേക്ക് രണ്ട് മുന്നണിയും ചേർന്ന് അയച്ചവരിൽ ഏഴ് പേർ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളപ്പോൾ ഒരാൾ പോലും പിന്നാക്ക സമുദായത്തിൽ നിന്നില്ല. എല്ലാ രംഗത്തും ഈഴവർ പിന്നിലാണ്. മതം ഉറക്കെ പറയുന്നവർക്കാണ് പ്രധാന്യം ലഭിക്കുന്നത്.
നമ്മളുടെ ശത്രുക്കൾ നമുക്കകത്തുണ്ടെന്നതും വിസ്മരിച്ചു കൂട. കോടതി നടപടികളിലൂടെയടക്കം അവർ നമുക്കെതിരെ പ്രവർത്തിക്കുകയാണ്. അവരുടെ മനസിൽ ബാധിച്ച കുഷ്ഠം മാറില്ല. ജനസംഖ്യാനുപാതികമായി സാമൂഹിക നീതി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.