‘സ്വന്തം സമുദായത്തിന് വാരിക്കോരി നൽകി, ഇതിന് നിയമങ്ങളും ചട്ടങ്ങളും മാറ്റി’; ലീഗിനും പി.ജെ. ജോസഫിനും എതിരെ വെള്ളാപ്പള്ളി
text_fieldsതൊടുപുഴ: മുസ്ലിം ലീഗിനും പി.ജെ. ജോസഫിനുമെതിരെ ആരോപണങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരത്തിലുളളപ്പോൾ ഇരുകൂട്ടരും അവരവരുടെ സമുദായ താൽപര്യങ്ങളാണ് സംരക്ഷിച്ചതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തൊടുപുഴയിൽ നടന്ന യൂനിയൻ തല ശാഖാ സംഗമത്തിൽ സംസാരിക്കവെയാണ് ലീഗിനെയും ജോസഫിനെയും രൂക്ഷമായി വിമർശിച്ചത്.
പി.ജെ. ജോസഫ് സ്വന്തം സമുദായത്തിന് വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകി. ഇതിനായി നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി. ഇക്കാര്യം അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന അൽഫോൻസ് കണ്ണന്താനം പോലും വെളിപ്പെടുത്തിയിട്ടുണ്ട്. കാർഷിക രംഗത്തും വലിയ രീതിയിൽ ഫണ്ടുകൾ നൽകി. വിദ്യാഭ്യാസ രംഗത്ത് സർക്കാർ ചെലവഴിക്കുന്ന കോടികൾ സംഘടിത ന്യൂനപക്ഷങ്ങളുടെ കൈകളിലേക്കാണ് പോകുന്നത്.
മുസ്ലിം ലീഗ് ഭരിച്ചപ്പോൾ മുസ്ലിം ന്യൂനപക്ഷത്തിന് വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകി. അവിടെ ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ തഴയപ്പെട്ടു. ഇക്കാര്യങ്ങൾ തുറന്ന് പറയുന്നതാണ് തന്നോട് പലർക്കും ശത്രുതക്ക് കാരണം. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ പലതും തുറന്ന് പറയാൻ മടിക്കുന്നു.
നവോഥാന സമിതിയുടെ തലപ്പത്ത് തന്നെ വെച്ചത് ആൺകുട്ടികളാണ്. അവർ പറഞ്ഞാൽ താൻ സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.