പേരാമ്പ്ര എം.ഡി.എം.എ കേസിൽ സമഗ്ര ശിക്ഷ ജില്ല കോഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsകോഴിക്കോട്: അധ്യാപികമാർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ സമഗ്ര ശിക്ഷ കേരളം കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ ആരോപണങ്ങളിലാണ് അന്വേഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലിന്റെ പരാതിയിലാണ് നടപടി.
പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിന് (ബി.ആർ.സി) കീഴിൽ അധ്യാപികമാരായ കീർത്തന, വി.പി. നീഷ്മ, കെ. കാവ്യ എന്നിവരാണ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായത്. ഇവരുടെ കരാർ കാലാവധി കഴിഞ്ഞപ്പോൾ കീർത്തനക്കും കാവ്യക്കും പുനർനിയമനം നൽകിയിരുന്നു. ഇത് കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്ററുടെ താല്പര്യപ്രകാരമാണെന്നും ലഹരി ഇടപാട് കേസിൽ ബന്ധമുണ്ടെന്നുമാണ് ദുൽഖിഫിലിന്റെ ആരോപണം. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കാര്യങ്ങളിലൊക്കെ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് എടുത്തത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ മൊഴിയെടുക്കാൻ ദുൽഖിഫലിനെ വിജിലൻസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മൊഴിയെടുക്കും.

