കൈക്കൂലിക്കേസ്; ഇ.ഡി അസി. ഡയറക്ടറെ വിജിലൻസ് ചോദ്യംചെയ്തു
text_fieldsഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര് ശേഖർകുമാർ ചോദ്യംചെയ്യലിന് കൊച്ചി വിജിലൻസ് ഓഫിസിൽ ഹാജരായപ്പോൾ
കൊച്ചി: കൈക്കൂലിക്കേസിലെ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ശേഖർകുമാറിനെ മണിക്കൂറുകളോളം ചോദ്യംചെയ്ത് വിജിലൻസ്. കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് കുമാറിൽനിന്ന് ഇ.ഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയ കേസിലാണ് ഒന്നാംപ്രതിയായ അസി. ഡയറക്ടറെ ചോദ്യംചെയ്തത്.
കൊച്ചി കതൃക്കടവ് വിജിലൻസ് മധ്യമേഖല ആസ്ഥാനത്ത് വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകീട്ട് വരെ നീണ്ടു. ചോദ്യംചെയ്യൽ ബുധനാഴ്ചയും തുടർന്നേക്കും. രാവിലെ 10.45നാണ് അഭിഭാഷകനോടൊത്ത് ശേഖർകുമാർ വിജിലൻസിന് മുന്നിൽ എത്തിയത്. വിശദ ചോദ്യാവലി തയാറാക്കിയായിരുന്നു ചോദ്യംചെയ്യൽ. ജൂലൈ പത്തിന് ഇദ്ദേഹത്തിന് ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണമെന്ന നിർദേശത്തോടെയാണ് മുൻകൂർജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഷില്ലോങ്ങിലായിരുന്ന ശേഖർകുമാർ കൊച്ചിയിൽ എത്തുകയായിരുന്നു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പാണ് ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റിയത്.
ശേഖർകുമാർ, ഇഡി ഏജൻറും രണ്ടാംപ്രതിയുമായ തമ്മനം സ്വദേശി വിൽസൺ വർഗീസ് എന്നിവരുടെ ഫോൺ വഴിയുള്ള ആശയവിനിമയം സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചതെന്നാണ് സൂചന. ഐ ഫോണിലെ പ്രത്യേക ആപ്പ് വഴി ഇരുവരും ബന്ധപ്പെട്ടതിന്റെ തെളിവുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു ചോദ്യംചെയ്യൽ. വിൽസണിന്റെ ഐ ഫോണിൽനിന്നാണ് തെളിവുകൾ കിട്ടിയത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയുടെ ശാസ്ത്രീയ പരിശോധനയിൽനിന്ന് ലഭിച്ച തെളിവുകളും വിജിലൻസ് നിരത്തി.
പി.എം.എൽ.എ കേസ് ഒതുക്കാൻ ഇടനിലക്കാരൻ വഴി രണ്ടുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന അനീഷ് ബാബുവിന്റെ പരാതിയിലാണ് ശേഖർകുമാറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.