കോവിഡ് നിര്‍ദേശം ലംഘിച്ചു: ബംഗളൂരുവിൽനിന്ന് കോട്ടയത്തെത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരെ കേസ്
text_fieldsകോട്ടയം: ബംഗളൂരുവില്‍നിന്നെത്തി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയം നഗരത്തില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കും. കുമളി ചെക് പോസ്റ്റില്‍നിന്ന് ടൂറിസ്റ്റ് ബസില്‍ എത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്‍ (20) എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ല പോലീസ് മേധാവി ജി. ജയദേവ് നിര്‍ദേശം നല്‍കിയത്.
നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവര്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നെന്ന് യുവാക്കള്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ ഇവിടെനിന്നുള്ള യാത്രക്ക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവര്‍ ആദ്യം പൊലീസ് സ്റ്റേഷനിലും പിന്നീട് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലും എത്തി.
പൊലീസ് ഉദ്യോഗസ്ഥര്‍ വിശദവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കര്‍ണാടകത്തില്‍നിന്ന് എത്തിയതാണെന്നറിഞ്ഞതോടെ ഇരുവരെയും ഉടന്‍തന്നെ അതിരമ്പുഴയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ കോട്ടയത്ത് ഇറക്കിയ ബസ് പിറവം പൊലീസ് പിന്നീട് പിടികൂടി.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ പൊതു സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കി ക്വാറന്‍റീനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.