വഞ്ചിയൂര്‍ വിഷ്ണുവധം: പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും
text_fieldsതിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ 13 ആര്‍.എസ്.എസ് നേതാക്കള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും. കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി രഞ്ജിത്കുമാര്‍, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിന്‍ എന്ന ബിബിന്‍, കടവൂര്‍ സതീഷ് എന്ന സതീഷ്കുമാര്‍, പേട്ട സ്വദേശി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി മണികണ്ഠന്‍ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാര്‍, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാല്‍ എന്നിവർക്കുള്ള ശിക്ഷയാണ് അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കുന്നത്.
പ്രതികളില്‍ ഹരിലാല്‍ ഒഴികെ പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, ലഹള, ഗുരുതര പരിക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന കുറ്റമാണ് ഹരിലാലിനെതിരെ കണ്ടെത്തിയത്.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച 16ാം പ്രതി ഷൈജു എന്ന അരുണ്‍കുമാറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. കേസിലെ മൂന്നാം പ്രതി രഞ്ജിത്ത് വിചാരണ ആരംഭിക്കും മുമ്പെ കൊല്ലപ്പെട്ടു. 14ാം പ്രതിയായ ആസാം അനി ഇപ്പോഴും ഒളിവിലാണ്.
2008 ഏപ്രില്‍ ഒന്നിനായിരുന്നു സി.പി.എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. രാഷ്ട്രീയവൈരത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൊലപാതക വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്നതാണ് കൃത്യത്തിന് വിഡ്ഢിദിനമായ ഏപ്രിൽ ഒന്ന് തെരഞ്ഞെടുക്കാന്‍ കാരണം. ഹൈകോടതി നിര്‍ദേശത്തെതുടര്‍ന്ന് ഏഴുമാസം കൊണ്ടാണ് വിചാരണ നടപടി പൂര്‍ത്തിയായത്. വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 77 സാക്ഷികളെ വിസ്തരിച്ചു. 162 രേഖയും 65 തൊണ്ടി മുതലും തെളിവായി സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.