വിഴിഞ്ഞം തുറമുഖം; വാണിജ്യ വ്യവസായ മേഖലയിൽ മുഖ്യ ഇടമായി ഇനി കേരളവും
text_fieldsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്നു. എ.എ. റഹിം എം.പി, ഗൗതം അദാനി, മന്ത്രി വി.എൻ. വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ. അനിൽ, എം.പിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സമീപം – പി.ബി. ബിജു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലൂടെ രാജ്യത്തിന്റെ വാണിജ്യ വ്യവസായ മേഖലയിൽ മുഖ്യ ഇടമായി ഇനി കേരളവും. പ്രധാനമന്ത്രി ഒൗദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചതോടെ ലോക സമുദ്ര വാണിജ്യമേഖലയിൽ ഇനി വിഴിഞ്ഞം മുൻനിരയിലുണ്ടാകും.
അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്ന തന്ത്രപ്രധാന സ്ഥാനമുള്ള തുറമുഖം കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയതോതിലുള്ള നിക്ഷേപ സാധ്യതകളാണ്. കൊളംബോ ഉൾപ്പെടെ വിദേശ തുറമുഖങ്ങളെ കണ്ടെയ്നർ നീക്കത്തിന് ആശ്രയിക്കുന്നതുവഴി രാജ്യത്തിന് ചെലവിടേണ്ടിവരുന്ന പണം ലാഭിക്കാമെന്നതാണ് വിഴിഞ്ഞം ദേശീയതലത്തിൽ സമ്മാനിക്കുന്ന നേട്ടം.
രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമെന്ന ഖ്യാതിയുള്ള വിഴിഞ്ഞത്തെ ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് നിയന്ത്രിത ഷിപ് ടു ഷോർ ക്രെയിനുകളും അതിവേഗത്തിലും സുരക്ഷിതവുമായ കണ്ടെയ്നർ കൈമാറ്റം ഉറപ്പാക്കുന്നു.
24000 ടി.ഇ.യുവരെ ശേഷിയുള്ള കപ്പലുകൾക്ക് സുഗമമായി പ്രവേശിക്കാവുന്ന പ്രകൃതി ദത്ത ആഴമുള്ളതും വിഴിഞ്ഞത്തിന്റെ ഭാവി സാധ്യതകൾക്ക് കരുത്ത് കൂട്ടുന്നു. എ.ഐ, റഡാർ, സെൻസറുകൾ എന്നിവ ഉപയോഗിക്കുന്ന അത്യാധുനിക വി.ടി.എം.എസ് വിഭാഗം തുറമുഖത്തിന്റെ ഭാഗമാണ്.
നിർമിത ബുദ്ധി ഉപയോഗിച്ച് കപ്പൽ ഗതാഗതം വിശകലനം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. കപ്പലുകളെ കണ്ടെത്താൻ ഉപയോഗിക്കുന്നത് ഉയർന്ന ശേഷിയുള്ള റഡാറുകളാണ്. അടുത്തഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.
തുറമുഖത്തിന്റെ 8,867 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ 5,595 കോടി രൂപ സംസ്ഥാന സര്‍ക്കാർ വിഹിതമാണ്. അദാനി കമ്പനി 2,454 കോടി രൂപയും കേന്ദ്ര വി.ജി.എഫ് ആയി 818 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1,350 കോടി രൂപ പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ നൽകും. പുറമേ റെയില്‍പാതക്കായി 1,482.92 കോടി രൂപയും ചെലവിടണം.
അതേസമയം വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രത്തിന് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ കേരളം ഇളവ് പ്രതീക്ഷിക്കുന്നുണ്ട്. തുറമുഖ സമർപ്പണ ചടങ്ങിൽ ഇതടക്കം വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഉണ്ടായില്ല. വിഴിഞ്ഞത്തിന് കേരളമാണ് കൂടുതൽ പണം മുടക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും വി.ജി.എഫിലടക്കം കേന്ദ്രത്തെ പരസ്യമായി കുറ്റപ്പെടുത്താൻ തയാറായതുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.