വോട്ട് കണ്ടന്‍റാക്കി, ലൈക്ക് വാരിക്കൂട്ടി വ്ലോഗർമാർ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ‘‘എത്തറ വട്ടം നിന്നെന്നോ... അത്തറ വട്ടം തോറ്റെന്നേ... എത്തറ വോട്ടു കിട്ടുന്നോ... അത്തറ വീട്ടീന്നാണെന്നേ... പാർട്ടിക്കാരുടെ നോട്ടം, പറച്ചിലും ഇളക്കവും... എത്തറ കേട്ടാലും നോ മൈൻഡ്... പുല്ലാണേ പിന്നെയും നിൽക്കും... പൊളിയാണേ.. റെജിമോന്...’’ ആടുജീവിതത്തിലെ പെരിയോനേ എന്ന ഹിറ്റ് പാട്ടിന്‍റെ പാരഡിയായി ഇറങ്ങിയ ഈ വരികൾ മലയാളികളുടെ സൈബറിടത്തിൽ ഓളം തീർത്തുകൊണ്ടിരിക്കുകയാണ്.. ഇതുമാത്രമല്ല, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബുമെല്ലാം തുറന്നാൽ ശരിക്കും സ്ഥാനാർഥികളെപ്പോലെ തിരക്കിലായ വ്ലോഗർമാരെയും കണ്ടന്‍റ് ക്രിയേറ്റർമാരെയും കാണാം.
കേരളം തദ്ദേശത്തിൽ വിധിയെഴുതാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, സ്ഥാനാർഥികളെയും മുന്നണി നേതാക്കളെയുംപോലെ ‘വേഷം കെട്ടി’ ഓൺലൈനിൽ സജീവമാണിവർ. ഇതിനായി വെള്ളയും ഖദറും ഒക്കെയിട്ടാണ് ലക്ഷക്കണക്കിന് ഫോളോവർമാരുള്ള കണ്ടന്‍റ് ക്രിയേറ്റർമാർ രംഗത്തെത്തുന്നത്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുന്നണികൾക്കിടയിലെ കല്ലുകടികൾ, അടി, ഇടി, തമ്മിൽതല്ല് ഇതെല്ലാം ഇൻഫ്ലുവൻസർമാർ തങ്ങൾക്ക് ലൈക്കും കമന്‍റും വാരിക്കൂട്ടാനുള്ള കണ്ടന്‍റുകളാക്കി പുറത്തിറക്കുകയാണ്.
സീറ്റ് കിട്ടാത്തതിനെത്തുടർന്ന് പാർട്ടി വിട്ട് വിമതയായി കളത്തിലിറങ്ങുന്ന വനിത നേതാവും പാർട്ടി സ്ഥാനാർഥിയും തമ്മിലുള്ള പൊടിപാറും പൂരത്തിനുശേഷം വിമത ഒറ്റ വോട്ടിനു തോൽക്കുന്ന സാഹചര്യമുണ്ടാവുന്നു. വോട്ടർലിസ്റ്റിൽ പേരില്ലാത്തതിനെത്തുടർന്ന് സ്വന്തം വോട്ട് ചെയ്യാനാവാതെ തോൽക്കേണ്ടിവന്ന സ്ഥാനാർഥിയുടെ ദൈന്യാവസ്ഥയാണ് കൗമാരക്കാരിയായ കണ്ടന്‍റ് ക്രിയേറ്റർ ആവിഷ്കരിക്കുന്നത്. നാട്ടിൽ മരിച്ച ഒരാളുടെ മൃതദേഹത്തിനടുത്തിരുന്ന് നാട്ടുകാർ മുഴുവൻ കാൺകേ ‘നെഞ്ചുപൊട്ടി വിലപിക്കുന്ന’ സ്ഥാനാർഥി, നിമിഷങ്ങൾക്കകം തന്‍റെ സ്ഥാനാർഥിത്വം പിൻവലിച്ചെന്നറിഞ്ഞ് മരണവീടാണെന്നുപോലും നോക്കാതെ നേതാക്കളോട് പൊട്ടിത്തെറിക്കുന്ന രംഗവും നിരവധിപേരെ ചിരിപ്പിച്ചു.
മറ്റൊരിടത്ത് സ്ഥാനാർഥിയും കൂട്ടരും വോട്ടുചോദിച്ച് വീട്ടിലെത്തുന്നു, ചെറിയ മകൻ പോയി വാതിൽ തുറക്കുമ്പോൾ അച്ഛൻ അകത്തുനിന്ന് വിളിച്ചു ചോദിക്കുകയാണ്: ‘ആരാ മോനേ വന്നത്?’. ഉടൻ മകന്‍റെ മറുപടി: ‘അച്ഛൻ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ കാണിച്ചിട്ടു പറഞ്ഞില്ലേ, വേറെ ആർക്ക് വോട്ട് ചെയ്താലും ഈ ----ക്ക് (ഒരു മോശം പ്രയോഗം) വോട്ട് ചെയ്യില്ലെന്ന്... ആ ചേട്ടനാ’. ഇതോടെ അച്ഛന്‍റെയും സ്ഥാനാർഥിയുടെയും മുഖങ്ങൾ ഒരുപോലെ പരുങ്ങലിലായ കാഴ്ച ഇൻസ്റ്റഗ്രാമിൽനിന്ന് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പറന്നോടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

