തൃശൂരിൽ വീണ്ടും വോട്ടുകൊള്ള; വിവരങ്ങളില്ലാത്ത 150ഓളം വോട്ട് കണ്ടെത്തി, പിന്നിൽ കുറുവ സംഘമെന്ന് ബി.ജെ.പിയെ ഉദ്ദേശിച്ച് കോൺഗ്രസ്
text_fieldsതൃശൂർ: രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടുകൊള്ളയെ തുടർന്ന് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ കൂടുതലായി കൃത്രിമ വോട്ടുകൾ ചേർത്തിയതിന്‍റെ തെളിവുമായി കോൺഗ്രസ്. 193 വോട്ടുകളിലാണ് കൃത്രിമം കണ്ടെത്തിയത്.
ഇതിൽ 150ഓളം വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പോലും ലഭ്യമല്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 143 പേരുടെ വോട്ടർ ഐ.ഡി വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പോലും ലഭ്യമല്ലാത്തത്.
50ഓളം വോട്ടർമാർ തൃശൂർ പാർലമെന്‍റ് മണ്ഡലത്തിന് പുറത്തുള്ളവരാണെന്നും കണ്ടെത്തി. വോട്ട് കൊള്ള പുറത്തുവന്നതിനിടെ തുടർന്ന് ഡി.സി.സി ആരംഭിച്ച പരിശോധനയിലാണ് ഈ കണ്ടെത്തലുകൾ. തെരഞ്ഞെടുപ്പ് കമീഷനെയടക്കം വെട്ടിലാക്കുന്ന വിവരങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
ഏതാനും ദിവസത്തെ പരിശോധനയിൽ തന്നെ വിശദാംശങ്ങൾ ലഭ്യമല്ലാത്ത 140ലധികം വോട്ടർ ഐ.ഡികളാണ് കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ സൈറ്റിൽ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭ്യമായില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
കുറുവ സംഘമാണ് ഇതിന് പിന്നിലെന്ന് ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ ചേർത്ത കള്ളവോട്ടുകൾ കണ്ടെത്തുന്നതിന് കോൺഗ്രസ് നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.