തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ് തള്ളി സുനിൽകുമാർ, ക്രമക്കേട് വിവരിക്കുന്ന കത്ത് കൈമാറി
text_fieldsതിരുവനന്തപുരം: തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ഉന്നയിച്ചതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നോട്ടീസ് തള്ളി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കറെ സന്ദർശിച്ച സുനിൽകുമാർ, കൂടുതൽ തെളിവ് ഹാജരാക്കാൻ തയാറാണെന്ന് അറിയിച്ചു. കമീഷൻ നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്ന് മറുപടിക്കത്തിൽ ചൂണ്ടിക്കാട്ടി.
ക്രമക്കേട് ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സത്യവാങ്മൂലം നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ നടപടിക്ക് വിധേയനാകാൻ തയാറാണെന്ന് സമ്മതിക്കുന്ന സത്യവാങ്മൂലമായിരുന്നു കമീഷന്‍റെ ആവശ്യം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ കണ്ട സുനിൽകുമാർ, ക്രമക്കേട് പരാതികളിൽ ഉറച്ചുനിൽക്കുന്നെന്ന് കത്തിലൂടെ അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യത്തിന്റെ വേരറുക്കുകയാണെന്ന് സുനില്‍കുമാര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക നിലനില്‍ക്കുന്നതല്ല. ഫ്രോഡ് എന്ന നിലയില്‍ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ്ഗോപിയെ മണ്ഡലത്തിലെ ശരിയായ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചാലേ അത് വിജയമെന്ന് അവകാശപ്പെടാന്‍ സാധിക്കൂ. പകരം നിയമങ്ങള്‍ കാറ്റിൽപറത്തി മറ്റ് മണ്ഡലങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് വ്യാജ വോട്ടുകളാണ് ചേർത്തത്.
അടുത്ത ദിവസങ്ങളില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരും. തെരഞ്ഞെടുപ്പ് കമീഷന്റെ സുതാര്യതയെക്കുറിച്ച് രാജ്യവ്യാപകമായി ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്യസന്ധത വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം കമീഷനുണ്ട്. വ്യാഴാഴ്ച തൃശൂരില്‍ വാർത്തസമ്മേളനം നടത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.