കണക്കുകൾ പറയും; തൃശൂരിലെ വോട്ടുകൊള്ള
text_fieldsതൃശൂർ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർ പട്ടികയിൽ നടത്തിയ ഞെട്ടിപ്പിക്കുന്ന അട്ടിമറികൾ പുറത്തുവന്നതോടെ ചർച്ചയായി തൃശൂരിലെ കള്ളവോട്ടർമാരും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തൃശൂരിൽ ബി.ജെ.പി വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
പാലക്കാട് അടക്കമുള്ള സമീപജില്ലകളിൽനിന്ന് ബി.ജെ.പിക്കാരെ വ്യാപകമായി തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ചേർത്തെന്നായിരുന്നു സി.പി.ഐ, കോൺഗ്രസ് പാർട്ടികളുടെ ആരോപണം. ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള പോക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഈ തട്ടിപ്പ് അരങ്ങേറിയത്. നഗരത്തിലും സമീപപ്രദേശങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളും വീടുകളും ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതിനായി കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാരെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപ ബി.ജെ.പി വിനിയോഗിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. സി.പി.ഐ സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാറും കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരനും വോട്ടെടുപ്പിന് മുമ്പ് തന്നെ പരാതി ഉന്നയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം ചില ബൂത്തുകളിൽ വ്യാജവോട്ടർമാരെ കണ്ടെത്തിയതിനെതുടർന്ന് ബി.ജെ.പി ഭാരവാഹികളും മറ്റ് പാർട്ടി പ്രവർത്തകരും തമ്മിൽ വാക് തർക്കങ്ങളും സംഘർഷവും നടന്നിരുന്നു.
തൃശൂർ നിയമസഭ മണ്ഡലത്തിൽ മാത്രം ഒമ്പതിനായിരത്തിലധികം പേരെ അനധികൃതമായി ചേർത്തെന്നായിരുന്നു വ്യാപക പരാതി. മണ്ഡലത്തിൽ കണ്ടിട്ടില്ലാത്തവർ ലിസ്റ്റിൽ എങ്ങനെ കടന്നുകൂടിയെന്ന അമ്പരപ്പിലായിരുന്നു ഇടത്- വലത് മുന്നണികൾ. തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് വോട്ടർ ലിസ്റ്റിൽ വോട്ടർമാരെ ചേർക്കൽ പതിവാണ്. എന്നാൽ, അതിൽനിന്നൊക്കെ ഭിന്നമായ തന്ത്രമാണ് ബി.ജെ.പി തൃശൂരിൽ പയറ്റിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടും അധികൃതർ കേട്ട ഭാവം നടിച്ചില്ലെന്നതും ദുരൂഹതയുണർത്തിയിരുന്നു. തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരിൽ അനധികൃത വോട്ടർമാരുമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, അന്ന് ജില്ല വരണാധികാരി കൂടിയായ കലക്ടർ ഇടപെട്ട് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം വോട്ട് ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
പൂങ്കുന്നത്തെ ചില വാർഡുകളിൽ പത്തിലധികം വോട്ടർമാർക്ക് സമാന വിലാസമാണുള്ളത്. ഇത് ലിസ്റ്റിലുടനീളം ആവർത്തിക്കുന്നതും കാണാം. പലരുടെയും വിലാസം വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയാൽതന്നെ തെറ്റ് പറയാനാകില്ല. 28000 കള്ളവോട്ടുകൾ ബി.ജെ.പി മണ്ഡലത്തിൽ ചേർത്തെന്നായിരുന്നു കോൺഗ്രസ് ആരോപണം. തൃശൂർ ലോക്സഭ മണ്ഡലത്തിൽ 2004ൽ ഉണ്ടായിരുന്നതിനേക്കാൾ 4,92,322 വോട്ടർമാർ 2024ൽ അധികം വന്നു. 2019ൽ 12,68,671 വോട്ടർമാരായിരുന്നു ആകെ ഉണ്ടായിരുന്നത്. ഇത് അഞ്ച് വർഷംകൊണ്ട് 14,83,055 ആയി ഉയർന്നു. ഇതിൽ വലിയൊരു സംഖ്യ ഇതര മണ്ഡലങ്ങളിൽനിന്ന് വിജയം ഉറപ്പാക്കാൻ ബി.ജെ.പി തൃശൂരിലേക്ക് മാറ്റിച്ചേർത്തതാണെന്നാണ് പ്രധാന ആരോപണം. ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫല ചിത്രം പരിശോധിച്ചാലും ഇത് വ്യക്തമാകും. തൃശൂരിലെ വ്യാജ വോട്ടർമാരെ സംബന്ധിച്ച അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
സുനിൽകുമാറിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
സ്ഥാനാർഥിയോ ഏജന്റോ പരാതി നൽകിയിട്ടില്ലെന്ന് ഡോ. രത്തൻ യു. കേൽക്കർ
തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ഘട്ടത്തിലോ അന്തിമ പട്ടിക തയാറാക്കിയപ്പോഴോ സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ചൂണ്ടിക്കാട്ടാത്ത ആരോപണമാണ് സുനിൽകുമാറിന്റേതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ വാർത്താകുറിപ്പിൽ അറിയിച്ചു. മണ്ഡലത്തിലേക്ക് നിശ്ചയിച്ച നിരീക്ഷകൻ, പൊലീസ് നിരീക്ഷകൻ, ചെലവ് നിരീക്ഷകൻ എന്നിവരുടെ ഫോൺ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കിയിരുന്നു.
അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത്സരാർഥികളുടെ ഏജന്റുമാരുടെയും യോഗം നിരീക്ഷകരുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഈ വേളയിലൊന്നും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആക്ഷേപമുണ്ടെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഹൈകോടതിയിൽ ഹരജി നൽകണമായിരുന്നു.
മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്നായിരുന്നു സുനിൽകുമാറിന്റെ ആരോപണം. പൂങ്കുന്നത്തെ 30ാം ബൂത്തിൽ മാത്രം ഒറ്റത്തവണ 281 വോട്ടർമാരെ ചേർത്തു. ഒഴിഞ്ഞുകിടന്ന ഫ്ലാറ്റുകളിലും മറ്റും നിരവധി വോട്ടുകൾ ബി.ജെ.പി ചേർത്തെന്ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സുനിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.