Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബി.ജെ.പിക്ക്...

‘ബി.ജെ.പിക്ക് ചെയ്യുന്ന വോട്ടുകൾ കേരളത്തിന്‍റെ തകർച്ചക്ക് വഴിവെക്കും’; അമിത്ഷാക്കെതിരെ മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel
camera_alt

പിണറായി വിജയൻ, അമിത് ഷാ

കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കും സംഘ്പരിവാറിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെത്തിയ അമിത്ഷാ വികസനപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വേദിയിൽ, അവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപ‍ക്ഷവും തദ്ദേശതെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ടും നേടുമെന്ന അമിത്ഷായുടെ വാക്കുകൾ കേരളസമൂഹം ഗൗരവമായി കാണണം. ജനവിധിയല്ല, കരിനിയമങ്ങളിലൂടെ സംസ്ഥാനഭരണം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ 24ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങളുടെ മോഹം നടപ്പാക്കാൻ എല്ലാ കുത്സിതമാർഗങ്ങളും ബി.ജെ.പി സ്വീകരിക്കും. അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തിന്‍റെ തകർച്ചക്ക് വഴിവെക്കും. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറിയുണ്ടാക്കാനാണ് ശ്രമം. ഇവിടെ സാഹോദര്യത്തോടെ കഴിയുന്ന നാട് യാഥാർഥ്യമാക്കിയത് ദീർഘകാലത്തെ കേരള സമൂഹത്തിന്‍റെ ഇടപെടലിലൂടെയാണ്.

ജാതി, മത ഭിന്നതകൾ മാറ്റി കേരളത്തെ സാഹോദര്യത്തിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുവും മറ്റ് നവോഥാന നായകരുമാണ്. ഇടതുപക്ഷവും കർഷക പ്രസ്ഥാനവുമൊക്കെ ഇന്നത്തെ സാഹോദര്യ കേരളത്തിനായി പങ്കുവഹിച്ചിട്ടുണ്ട്. ബി.ജെ.പി മേൽക്കൈ നേടിയാൽ ഇതാകെ തകരും. അവർ അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം ന്യൂനപക്ഷ വേട്ടയാണ്. അടുക്കളയിൽ പാഞ്ഞുകയറി പാചകം ചെയ്യുന്നതെന്താണെന്ന് പരിശോധിക്കാൻ സംഘ്പരിവാറിന് കേരളം അവസരം നൽകരുത്.

ഭരണഘടനയിൽനിന്ന് മതേതരത്വവും സോഷ്യലിസവും എടുത്തുമാറ്റണമെന്നാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞത്. സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർ.എസ്.എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തെറ്റാണ്. സവർക്കറെ മഹാത്മാഗാന്ധിക്ക് മുകളിൽ പ്രതിഷ്ഠിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ. ഇന്ദിര അധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, മുൻമന്ത്രി എസ്. ശർമ, സുദീപ് ദത്ത, പി. ജയപ്രകാശൻ, കെ.എം. പ്രകാശൻ, വി.എസ്. ദീപ, പ്രദീപ് ശ്രീധരൻ, എം. ഷാജഹാൻ, ഷീലകുമാരി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാലയങ്ങളിലും കലാലയങ്ങളിലും ബി.ജെ.പി അട്ടിമറിക്ക് ശ്രമിക്കുന്നു -മുഖ്യമന്ത്രി

കൊച്ചി: മതേതരത്വത്തിന്‍റെ വിളനിലങ്ങളായ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ബി.ജെ.പി സർക്കാർ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകങ്ങൾ പുതുക്കിയെഴുതിയപ്പോൾ അവർ ചില ഭാഗങ്ങൾ വെട്ടിമാറ്റി. എന്നാൽ, അങ്ങനെ വെട്ടിമാറ്റിയത് നമ്മുടെ വിദ്യാർഥികളെ കേരളം പഠിപ്പിച്ചു. യു.ജി.സിയുടെ രീതികൾ മാറ്റാനാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശം. വരുംതലമുറകളെ തങ്ങൾ ഉദ്ദേശിക്കുംവിധം വാർത്തെടുക്കാനാണ് അവരുടെ ശ്രമം.

ആസ്ട്രോഫിസിക്സിലും ന്യൂക്ലിയർ ഇലക്ട്രോണിക്സിലും നാനോ ടെക്നോളജിയിലുമൊക്കെ ലോകത്ത് മാറ്റങ്ങളുണ്ടാകുകയാണ്. ഇതൊന്നും കുട്ടികൾ അറിയേണ്ടെന്നും ഇതിഹാസങ്ങൾ മനസ്സിലാക്കിയാൽ മതിയെന്നുമുള്ള നിലയിലേക്ക് മാറ്റാനാണ് നോക്കുന്നത്. യു.ജി.സി മുദ്രയുടെ സ്ഥാനത്ത് സരസ്വതിയുടെ ചിത്രം വെച്ചാൽ മതിയെന്ന് പറയുന്നു. അറിവിന്‍റെ സ്വദേശിവത്കരണത്തിന് അവർ ശ്രമിക്കുന്നു. അറിവ് ഏതെങ്കിലുമൊരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല. അത് ലോകത്തിന്‍റെ സ്വത്താണ്. ലോകത്ത് വലിയ തോതിലുള്ള വിജ്ഞാന വിസ്ഫോടനം നടക്കുമ്പോഴാണ് നിങ്ങൾ പഴയ ഇതിഹാസങ്ങൾ വെച്ചുകൊണ്ട് പഠിക്കാൻ നിർബന്ധിക്കുന്നത്.

ഇതിഹാസത്തിലെ നായകരുടെ മാതൃക പഠിപ്പിക്കണമെന്നും കൽപിക്കുന്നു. അറിവിന്‍റെ സ്വദേശിവത്കരണത്തിൽ ജനാധിപത്യത്തിനും സോഷ്യലിസത്തിനും സെക്യുലറിസത്തിനുമൊന്നും സ്ഥാനമില്ല. ഇത്തരം മാറ്റങ്ങൾ കേരളത്തിൽ നടപ്പാക്കാൻ കഴിയുന്നില്ലെന്നതാണ് അവർ നേരിടുന്ന വെല്ലുവിളി. അമിത്ഷായുടെ ഭീഷണി പ്രാബല്യത്തിൽവന്നാൽ ഭാവിതലമുറ ലോകവിജ്ഞാനത്തിൽ ഒരുഭാഗം നിഷേധിക്കപ്പെട്ടവരായി മാറുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentAmit Shahldf governmentPinarayi Vijayan
News Summary - 'Voting for BJP will lead to the downfall of Kerala'; CM against Amit Shah
Next Story