ജനം ഒഴുകി; ധീരസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് തലസ്ഥാനം
text_fieldsതിരുവനന്തപുരം: കേരളം തലസ്ഥാനത്തേക്കൊഴുകിയ പകൽ. തലസ്ഥാനമാകെ ദർബാർ ഹാളിലേക്കും. വലിയൊരു സമൂഹത്തിന്റെ കണ്ണുംകരളുമായി ജീവിച്ച് അവർക്കായി പടപൊരുതിയ നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻജനാവലിയെത്തി. മഴ മാറിനിന്ന പകലിൽ ക്ഷമയോടെ വരിനിന്ന് സെക്രട്ടേറിയറ്റിന്റെ ദർബാർ ഹാളിലേക്ക് നീങ്ങിയത് നാടിന്റെ പരിച്ഛേദം. നീതിനിഷേധങ്ങൾക്ക് നേരെ പടപൊരുതിയ സമരപോരാളിക്ക് തലസ്ഥാനം നൽകിയത് ഹൃദയംതൊട്ടുള്ള യാത്രയയപ്പ്.
ഒന്നര നൂറ്റാണ്ട് പിന്നിട്ട ദർബാർ ഹാളിന് നടുവിൽ നൂറ്റാണ്ടിന്റെ സമര സഖാവിന് അവർ മനമുരുകി യാത്രാമൊഴിയേകി. വനിതകളുടെ അവകാശ പോരാട്ടങ്ങളിൽ എന്നും കരുത്തായി നിന്ന വി.എസിന് അശ്രുപുഷ്പങ്ങളുമായി നിരവധി വനിതകളടക്കം എത്തി. രാഷ്ട്രീയത്തിന്റെ വേലിക്കെട്ട് കടന്ന് ജനമനസ്സുകൾ കീഴടക്കിയ വി.എസിന്റെ സർവസമ്മതി തെളിയിക്കുന്നതായിരുന്നു ദർബാർ ഹാളിലേക്കുള്ള ജനപ്രവാഹം. സെക്രട്ടേറിയറ്റിന് പുറത്തേക്ക് നീണ്ട വരിയിൽ മണിക്കൂറുകളോളം ക്ഷമയോടെ നിന്നാണ് അവർ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കണ്ടത്. ഉച്ചകഴിഞ്ഞ് ജന്മനാട്ടിലേക്കുള്ള വിലാപയാത്ര ആരംഭിക്കുമ്പോഴും ജനനിബിഡമായിരുന്നു സെക്രട്ടേറിയറ്റ് വളപ്പ്.
രാവിലെ 9.15ഓടെയാണ് പൊതുദർശനത്തിനായി വി.എസിനെയും വഹിച്ചുള്ള ആംബുലൻസ് ദർബാർ ഹാളിന് മുന്നിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരടക്കമുള്ള നേതാക്കളും നേരത്തെ തന്നെ എത്തിയിരുന്നു. 9.30 ഓടെ ഹാളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. പത്തോടെ ഗവർണർ രാജേന്ദ്ര ആർലേക്കർ അന്ത്യാഞ്ജലിയർപ്പിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പൊതുദർശനത്തിനിടെ രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങളുടെ ഒഴുക്കായിരുന്നു.
വാക്കിലും പ്രവൃത്തിയിലുമുള്ള കൃത്യത വി.എസിന്റെ അന്ത്യയാത്രയിലും പാലിക്കപ്പെട്ടു. നിശ്ചയിച്ച സമയത്ത് തന്നെ പൊതുദർശനം പൂർത്തിയാക്കി വിലാപയാത്രക്കുള്ള ഒരുക്കം തുടങ്ങി. ‘ധീരസഖാവേ വി.എസേ, കണ്ണേ കരളേ വി.എസേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ, ഇല്ല ഞങ്ങൾ പിരിയുന്നില്ല...’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു 2.15ഓടെ ദർബാർ ഹാളിൽ നിന്നും പുന്നപ്ര സമരനായകന്റെ ജന്മനാട്ടിലേക്കുള്ള യാത്രയുടെ തുടക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.