നെഞ്ചാകെ വി.എസ്...
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സമര സൂര്യനെന്ന വി.എസ്. അച്യുതാനന്ദന് തലസ്ഥാനം വിടനൽകി. തന്റെ കർമ മണ്ഡലത്തിന്റെ പ്രധാനഘട്ടം ചിലവഴിച്ച തിരുവനന്തപുരത്ത് നിന്നും ജന്മനാട്ടിലേക്കുള്ള വിലാപ യാത്രയിൽ ആയിരങ്ങളാണ് പ്രിയ നേതാവിനെ അനുഗമിക്കുന്നത്. 14 വർഷം മുമ്പ് മുഖ്യമന്ത്രിയായി ഭരണത്തിലിരുന്ന സെക്രട്ടേറിയറ്റ് ദര്ബാർഹാളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വി.എസിന്റെ ഭൗതികശരീരം പൊതുദർശനത്തിനെത്തിച്ചപ്പോൾ വൻ ജനാവലിയാണ് പുറത്ത് കാത്തുനിന്നത്.
പുലർച്ചയോടെ തന്നെ പൊലീസും അധികൃതരും പൊതുദർശനത്തിനുള്ള ഒരുക്കം ദർബാർഹാളിൽ പൂർത്തിയാക്കിയിരുന്നു. ജനങ്ങളെ വരിവരിയായി തിക്കും തിരക്കുമില്ലാതെ സൗത്ത്, നോർത്ത് ഗേറ്റിലൂടെയാണ് കയറ്റിവിട്ടത്.
മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ കന്റോൺമെന്റ് ഗേറ്റിലൂടെ പ്രവേശിപ്പിച്ചു. പത്തോടെ സൗത്ത് ഗേറ്റിലെ വരി രണ്ടായി നീണ്ടു. തുടർന്ന് വൈ.എം.സി.എ ഗേറ്റിന് സമീപത്തുനിന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ കടന്ന് തിരിച്ച് സൗത്ത് ഗേറ്റിലെത്തിയാണ് അകത്തേക്ക് പ്രവേശനം സാധ്യമാക്കിയത്. മറുവശത്തെ നിര പാളയം കടന്നു മുന്നോട്ട് പോയി.
പാറശ്ശാല, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങി ജില്ലയുടെ ഗ്രാമീണമേഖലകളിൽനിന്നടക്കം ആളുകളെത്തിയിരുന്നു. കൂടാതെ, കണ്ണൂർ, കോഴിക്കോട്, മലമ്പുഴ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ പാർട്ടി പ്രവർത്തകരും തലസ്ഥാനത്തെത്തി. പനിനീർപ്പുക്കളുമായാണ് പലരും എത്തിയത്. ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നതും പൊതുദർശനം സുഗമമാക്കി. വിൽച്ചെയറിലെത്തിയവരെ പ്രധാന ഗേറ്റ് തുറന്ന് പ്രത്യേകമായി അകത്തേക്ക് കടക്കാൻ പൊലീസ് സൗകര്യമൊരുക്കി.
പൊതുദർശനത്തിനുശേഷം രണ്ടു മണിയോടെയാണ് വിലാപയാത്രക്കുള്ള ഒരുക്കം തുടങ്ങിയത്. പൊലീസ് ഔദ്യോഗിക ബഹുമതികളും നൽകി. നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾക്കിടയിലൂടെയായിരുന്നു ജന്മനാട്ടിലേക്ക് അദ്ദേഹത്തിന്റെ മടക്കയാത്ര. വിലാപയാത്ര തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പി.എം.ജി ജങ്ഷനിലെത്തിയതേയുള്ളൂ. അണമുറിയാത്ത ജനം വീഥികളിൽ മനുഷ്യമതിൽ തീർത്ത് റോഡിനിരുവശവും നിന്നു.
നാലര കിലോമീറ്റർ പിന്നിട്ട് പട്ടത്തെത്താൻ ഒന്നര മണിക്കൂർ വേണ്ടി വന്നു. 29 ദിനം വി.എസ് കഴിഞ്ഞ പട്ടം എസ്.യു.ടി ആശുപത്രിക്ക് മുന്നിലൂടെയായിരുന്നു യാത്ര. വിലാപയാത്ര എം.സി റോഡ് വഴി പോകാത്തതിനാൽ ആ പ്രദേശത്ത് താമസിക്കുന്നവർ ഉള്ളൂർ, കേശവദാസപുരം ജങ്ഷനുകളിൽ കാത്തുനിന്നു. അഞ്ചര മണിക്കൂർ പിന്നിട്ട് 7.30ഓടെയാണ് കഴക്കൂട്ടത്ത് വിലാപയാത്ര എത്തിയത്. വൻ ജനാവലിയായിരുന്നു ഉച്ചമുതൽ അവിടെ കാത്തുനിന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.