രക്തസാക്ഷി കുടീരം സാക്ഷി; സമരനായകൻ ഇനി വീറുറ്റ ഓർമ
text_fieldsമുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിതക്ക് മകൻ അരുൺകുമാർ തീ കൊളുത്തുന്നു (ചിത്രം: ബൈജു കൊടുവള്ളി)
ആലപ്പുഴ: സമരതീക്ഷ്ണമായ നൂറ്റാണ്ടിന് രണ്ടക്ഷരത്തിൽ അടിക്കുറിപ്പെഴുതി വി.എസ് ജ്വലിച്ചടങ്ങി. പോരാട്ടത്തിന്റെ തീനാമ്പുകൾ നെഞ്ചിൽ കൊളുത്തി നാടാകെ പടർത്തിയ അതേ സമരഭൂമിയിലേക്ക് കേരളത്തിന്റെ രാഷ്ട്രീയാതിശയം മടങ്ങി. ആലപ്പുഴ വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ബലികുടീരങ്ങൾക്കിടയിലൊരുക്കിയ ചിതയിൽ രാത്രി 9.15ന് മകൻ അരുൺകുമാർ വി. എസിന്റെ ചിതക്ക് തീകൊളുത്തി. ചിതക്ക് തീകൊളുത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത അനുശോചന യോഗം ചേർന്നു.
വി.എസ് മടങ്ങുമ്പോൾ പ്രകൃതി കണ്ണീർ പൊഴിക്കുകയായിരുന്നില്ല, പൊട്ടിക്കരയുകയായിരുന്നു. സങ്കടത്തള്ളിച്ചയാലെന്ന പോലെ തുള്ളിമുറിയാതെ കർക്കിടക മാനം പൊട്ടിവീണുകൊണ്ടിരുന്നു. തീക്കനൽ തുപ്പി നാണംകെട്ട തോക്കുകൾക്കു മുന്നിൽ വാരിക്കുന്തവുമായി പിടഞ്ഞുവീണ പഴയ സഹപോരാളികളെ പട്ടാളം നിർദയം കൂട്ടിയിട്ട് കത്തിച്ച അതേ സമരഭൂമിയിൽ വി.എസ് ഉറങ്ങി. സമരപഥങ്ങളിൽ ഇണങ്ങിയും പിണങ്ങിയും നടന്ന നേതാക്കന്മാർക്കിടയിൽ.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സംസ്കരിക്കാൻ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപമായ ആലപ്പുഴ വലിയചുടുകാട്ടിൽ എത്തിച്ചപ്പോൾ
നാടിന്റെ അങ്ങേത്തലക്കൽനിന്നുവരെ വി.എസിനെ അവസാന നോക്ക് കാണാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കണ്ണീരണിഞ്ഞ് മുഷ്ടിചുരുട്ടി കണ്ഠമിടറി അവർ വിളിച്ച മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് പ്രിയ സഖാവിനെ ചിതയിലെത്തിച്ചത്. പി. കൃഷ്ണപിള്ളയും ടി.വി. തോമസും ഗൗരിയമ്മയും പി.ടി. പുന്നൂസും ആർ. സുഗതനും സി.കെ. ചന്ദ്രപ്പനും അടങ്ങുന്ന നേതാക്കൾക്കിടയിൽ വി.എസും അമരനായി.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങിനിടെ വിതുമ്പുന്ന ഭാര്യ വസുമതിയെ ആശ്വസിപ്പിക്കുന്ന മകൾ
തൊഴിലാളിയായും സംഘാടകനായും പോരാളിയായും വിപ്ലവനായകനായും നിറഞ്ഞുനിന്ന സ്വന്തം തട്ടകം വി.എസിനെ ഏറ്റുവാങ്ങുന്ന വികാരഭരിത നിമിഷങ്ങളിൽ ആയിരമായിരം കണ്ഠങ്ങളിൽനിന്ന് അപ്പോൾ ആ മുദ്രാവാക്യം മുഴങ്ങി: ‘ഇല്ല സഖാവേ മരിക്കുന്നില്ല... ജീവിക്കുന്നൂ ഞങ്ങളിലൂടെ...’ അവകാശബോധത്തിന്റെ ചെങ്കൊടി പിടിക്കാൻ പഠിപ്പിച്ച, സിരകളിൽ വിപ്ലവം നിറച്ച നേതാവിന് ഉചിതമായ യാത്രയയപ്പ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സംസ്കരിക്കാൻ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപമായ ആലപ്പുഴ വലിയചുടുകാട്ടിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ വി.എസിനെയും വഹിച്ച് പുറപ്പെട്ട പ്രത്യേക വാഹനം കാത്തുകാത്തുനിന്ന ജനപഥങ്ങളും ഉറക്കം മറന്നുനിന്ന തെരുവോരങ്ങളും കടന്ന് പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത് 22 മണിക്കൂർ പിന്നിട്ടായിരുന്നു. ആൾക്കടൽ താണ്ടിയെത്തിയ വി.എസിന്റെ ഭൗതികശരീരം പിന്നീട് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലും റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിനു വെച്ചപ്പോൾ ഇടമുറിയാത്ത മഴയായിരുന്നു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സംസ്കരിക്കാൻ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപമായ ആലപ്പുഴ വലിയചുടുകാട്ടിൽ എത്തിച്ചപ്പോൾ എം.വി. ഗോവിന്ദൻ, എൻ.കെ. പ്രേമചന്ദ്രൻ, എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, കുടുംബാംഗങ്ങൾ എന്നിവർ
അണമുറിയാത്ത അനുയായികളുടെ അന്ത്യോപചാരങ്ങൾ ഏറ്റുവാങ്ങിയാണ് വലിയ ചുടുകാട്ടിലേക്ക് വി.എസിനെ കൊണ്ടുവന്നത്. തലേന്നു രാത്രി മുതൽ ഒരുനോക്കുകാണാൻ കാത്തിരുന്ന കാസർകോട് മുതലുള്ള പതിനായിരങ്ങൾ നിറഞ്ഞുകവിഞ്ഞപ്പോൾ എല്ലാ സമയക്രമവും തെറ്റുകയായിരുന്നു.
പാർട്ടി വരച്ച വരകൾ പലകുറി തെറ്റിച്ച വി.എസിന്റെ അന്ത്യയാത്രയും സമയരേഖകൾ തെറ്റിച്ചു. നേരത്തേ വൈകീട്ട് നാലിനു നിശ്ചയിച്ച സംസ്കാരം ഏറെ വൈകിയാണ് നടത്താനായത്. അപ്പോഴും പ്രിയ സഖാവിന്റെ വേർപാടിലെ സങ്കടം പെരുമഴയായി തിമിർത്തുകൊണ്ടിരുന്നു. ആ മഴയിരമ്പൽ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു: ഇങ്ങനെയൊരു പോരാളി ഇനി ഉണ്ടാവുകയേയില്ല.ഇനി, വി.എസില്ലാത്ത കേരളം...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.