വീറോടെ വരവേറ്റ് അമ്പലപ്പുഴ
text_fieldsആലപ്പുഴ: എന്നും വി.എസിന്‍റെ വീറുറ്റ സമരഭൂമിയായിരുന്നു അമ്പലപ്പുഴ. വി.എസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച മണ്ഡലവും അമ്പലപ്പുഴയായിരുന്നു. ആദ്യം വി.എസിനെ തോൽപിക്കുകയും പിന്നെ ജയിപ്പിക്കുകയും ചെയ്ത മണ്ഡലംകൂടിയായിരുന്നു സ്വന്തം വീടടങ്ങുന്ന അമ്പലപ്പുഴ.
ചൂടേറിയ രാഷ്ട്രീയത്തിന് വേദിയായ അമ്പലപ്പുഴയിലേക്ക് വി.എസിനെയും വഹിച്ചുള്ള വാഹനം എത്തുന്നതിനു തൊട്ടുമുമ്പ് വരെ മഴ പെയ്യുന്നുണ്ടായിരുന്നു. വിപ്ലവനായകന്‍റെ ഒടുവിലത്തെ വരവ് പക്ഷേ, പൊരിവെയിലിലേക്കായിരുന്നു. വാരിക്കുന്തവുമായി സർ സി.പിയുടെ പട്ടാളത്തെ നേരിട്ട തൊഴിലാളികളുടെ സമരഭൂമി വി.എസിനെ വെയിലലകളാൽ സ്വീകരിച്ചു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടശേഷം ഏറ്റവും വലിയ ജനക്കൂട്ടം അമ്പലപ്പുഴ ജങ്ഷനിലായിരുന്നു. തകഴി, എടത്വ, മാമ്പുഴക്കരി അടക്കമുള്ള കുട്ടനാടൻ മേഖലകളിൽ നിന്നുമുള്ള സാധാരണക്കാർ രാവിലെതന്നെ അമ്പലപ്പുഴ ജങ്ഷനിൽ തടിച്ചുകൂടിയിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളുമെല്ലാം പ്രിയനേതാവിനെ അവസാനമായി കാണാൻ ഒഴുകിയെത്തി. ‘കണ്ണേ കരളേ വീയെസ്സേ... ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ..’ എന്ന് ചങ്കുതകർന്ന് അവർ വിളിച്ചുകൊണ്ടിരുന്നു. വികാരത്തള്ളിച്ചയുടെ നിമിഷങ്ങളായിരുന്നു അമ്പലപ്പുഴയിൽ. അരമണിക്കൂറോളം അമ്പലപ്പുഴ ജങ്ഷനിൽനിന്ന് മുന്നോട്ടുപോകാനാകാതെ സ്തംഭിച്ചുനിന്നു.
മണിക്കൂറുകൾ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലെന്ന സങ്കടമുണ്ടായിരുന്നു പലർക്കും. അവരെയും കടന്ന് വാഹനം സമരദേശമായ പുന്നപ്രയിലേക്ക് പ്രവേശിക്കുമ്പോഴും വഴിയോരങ്ങളിൽ പ്രിയസഖാവിനെ കാണാൻ ആയിരങ്ങളുണ്ടായിരുന്നു. വളഞ്ഞവഴിയിലും നീർക്കുന്നത്തും വണ്ടാനത്തും കുറവൻതോട്ടുമൊക്കെ വൻ ജനാവലിയായിരുന്നു വി.എസിനെ കാണാൻ കാത്തുനിന്നത്.
151 കിലോമീറ്റർ താണ്ടാൻ 22 മണിക്കൂർ
തിരുവനന്തപുരം: പാതിരാവ് പിന്നിട്ടിട്ടും ഉറങ്ങാൻ മറന്ന് കേരളം കാത്തുനിന്നു. കോരിച്ചൊരിയുന്ന മഴയെ കീറിമുറിച്ച് അണപൊട്ടിയൊഴുകുന്ന മനുഷ്യപ്രവാഹം. ജനസാഗരത്തിൽ വീണലിഞ്ഞാണ് വി.എസ് ഒഴുകിനീങ്ങിയത്. തലസ്ഥാനത്തുനിന്ന് പുന്നപ്രയിലേക്ക് 151 കിലോമീറ്ററാണ് ദൂരം. സാധാരണ ഒരു കെ.എസ്.ആർ.ടി.സി ബസ് മൂന്നര മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന അകലം. പക്ഷേ, ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് കൈമാറി, മുറിയാത്ത മുദ്രാവാക്യങ്ങളുടെ ചിറകിൽ വി.എസിനെ ജന്മനാട്ടിലെത്തിച്ചപ്പോഴേക്കും 22 മണിക്കൂർ പിന്നിട്ടിരുന്നു. അത്രമാത്രം വൈകാരികവും ഐതിഹാസികവുമായിരുന്നു വിലാപ പ്രയാണം.
സ്റ്റാച്യുവിൽനിന്ന് പുറപ്പെട്ട് ആദ്യ ആറ് കിലോമീറ്റർ പിന്നിടാനെടുത്തത് നാല് മണിക്കൂറാണ്. 10 കിലോമീറ്ററിൽ താഴെയായിരുന്നു വാഹനത്തിന്‍റെ വേഗത. അതായത് നടന്നുപോകുന്നതിനേക്കാൾ കുറഞ്ഞ വേഗം മാത്രം. നഗരത്തിലെ ആൾക്കൂട്ടം മൂലമാണ് ഈ വൈകലെന്ന് കരുതിയെങ്കിലും നഗരാതിർത്തി പിന്നിട്ടിട്ടും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തലസ്ഥാന ജില്ലയിൽ 29 ഇടങ്ങളിൽ വാഹനം നിർത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിൽ പ്രയാണം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ അതെല്ലാം അപ്രസ്കതമായി. ആൾക്കൂട്ടം ദേശീയപാതയിലേക്ക് ഒഴുകിപ്പരന്നതോടെ ഓരോയിടവും അനുശോചന കേന്ദ്രങ്ങളായി.
തലസ്ഥാന ജില്ല പിന്നിടാനെടുത്തത് 10 മണിക്കൂറാണ്. പാതിരാത്രി കൊല്ലത്തേക്ക് കടന്നപ്പോഴേക്കും പെരുമഴ. പ്രായമായവരടക്കം തലയിൽ തുണി കെട്ടിയും കുട ചൂടിയും കാത്തുനിൽപ്പുണ്ട്. പുലർച്ചെ 3.30ന് ചിന്നക്കടയിലെത്തിയതോടെ മഴ വീണ്ടും ശക്തമായി. പക്ഷേ ഇതെല്ലാം അവഗണിച്ച് ആയിരങ്ങൾ കാത്തുനിൽപ്പുണ്ടായിരുന്നു. അഞ്ച് മിനിറ്റോളം ബസ് ഇവിടെ നിർത്തിയിട്ടു. ശക്തികുളങ്ങര പിന്നിട്ട് നീണ്ടകരയിലെത്തിയപ്പോഴേക്കും പുലർച്ചെ 4.45. ചവറ കഴിഞ്ഞ് കരുനാഗപ്പള്ളിയായപ്പോഴേക്കും നേരം പുലർന്നിരുന്നു. 7.30 ഓടെ കായംകുളത്തേക്ക്. എട്ടിന് നങ്ങ്യാർകുളങ്ങര. വണ്ടാനം എത്തിയപ്പോഴേക്കും 11.15. ജന്മനാട്ടിലെത്തിയപ്പോൾ ഉച്ച 12 പിന്നിട്ടിരുന്നു.
വിലാപയാത്ര ഹരിപ്പാട് എത്തിയപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാത്തുനിന്ന് അന്തിമോപചാരമർപ്പിച്ചു. ഹരിപ്പാടിലൂടെ വി.എസ് കടന്നുപോകുമ്പോൾ താനിവിടെ വേണ്ടേയെന്നാണ് ചെന്നിത്തല പ്രതികരിച്ചത്.
യാത്രയിലുടനീളം കണ്ട കാഴ്ചകൾ അതിവൈകാരികമായിരുന്നുവെന്ന് വിലാപയാത്രക്കൊരുക്കിയ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ടി.പി. പ്രവീൺ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രായമായവരടക്കം വി.എസിനെ കണ്ട് പൊട്ടിക്കരയുന്നത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു. ഒരു വട്ടമല്ല, ഒരുപാട് വട്ടം. വി.എസിന് ജനഹൃദയങ്ങളിൽ എത്രത്തോളം സ്ഥാനമുണ്ടെന്നതിനുള്ള പച്ചയായ നേർക്കാഴ്ചയായിരുന്നു വിലാപയാത്രയെന്നും പ്രവീൺ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.