അന്ത്യനിദ്രയിൽ ജനനായകൻ; അലകടലായി ജനം
text_fieldsആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ആലപ്പുഴ: ആവേശമായി ജനങ്ങൾക്കിടയിലൂടെ നടന്ന വി.എസ് ചേതനയറ്റു കിടക്കുമ്പോൾ അലകടലായി ഇരമ്പിയെത്തുകയായിരുന്നു ജനം. കുഞ്ഞുങ്ങൾ മുതൽ പടുവൃദ്ധർവരെ കടലലപോലെ അണമുറിയാതെ എത്തിക്കൊണ്ടിരുന്നു. റോഡരികിലും വേലിക്കകത്തു വീട്ടിലും പാർട്ടി ഓഫിസിലും കടപ്പുറത്തും അവർ തള്ളിക്കയറുകയായിരുന്നു.
നാടിന്റെ നേരാണ് എന്നേക്കുമായി ഉറങ്ങിക്കിടക്കുന്നതെന്ന തിരിച്ചറിവാണ് എല്ലാവരുടെയും പ്രതികരണങ്ങളിലുണ്ടായിരുന്നത്. പലരുമായും ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുേപായ വി.എസിന് ഇടക്ക് തെളിഞ്ഞും വീണ്ടും കറുത്തും കണ്ണീർകണംപോലെ പെയ്തിറങ്ങിയും പ്രകൃതിയും യാത്രാമൊഴിയേകി. രാവിലെ ആറോടെയാണ് ഓച്ചിറ കടന്ന് വി.എസിന്റെ തട്ടകമായ ആലപ്പുഴയിലേക്ക് വിലാപയാത്ര എത്തിയത്.
ആലപ്പുഴ ജില്ലയിൽ എട്ട് സ്ഥലമാണ് പൊതുദർശനത്തിനു നിശ്ചയിച്ചിരുന്നതെങ്കിലും ഓമന നേതാവിനെ ഒരുനോക്ക് കാണാൻ തെരുവുനീളെ തിങ്ങിനിറഞ്ഞ ജനങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ച ബസ് നിർത്താതെ പോകാനായില്ല. ചൊവ്വാഴ്ച രാത്രി പത്തോടെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും എത്തിയത് ബുധനാഴ്ച പകൽ 12.20ഓടെ മാത്രം.
വേലിക്കകത്ത് വീടിനുമുന്നിൽ രാവിലെ ആറുമുതൽ ജനം വരിനിൽക്കാൻ തുടങ്ങിയിരുന്നു. സാധാരണക്കാരായിരുന്നു അവരിലേറെയും. രാഷ്ട്രീയ പ്രവർത്തനത്തിൽ പല തിരിച്ചടിയും ഉണ്ടായപ്പോഴും വി.എസ് ഊർജം സംഭരിച്ചത് വേലിക്കകത്ത് വീട്ടിലെ കസേരയിൽ ചാഞ്ഞുകിടന്നുകൊണ്ടാണ്.
1996ൽ മാരാരിക്കുളത്ത് തോൽവി അറിഞ്ഞശേഷം വി.എസ് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മടങ്ങിയെത്തിയത് ഇവിടേക്കായിരുന്നു. 2017ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടി വേദിയിൽനിന്ന് വി.എസ് ഇറങ്ങി വന്നതും ഈ വീട്ടിലേക്കായിരുന്നു. അവിടേക്ക് ചേതനയറ്റ് അദ്ദേഹം എത്തിയതിന് സാക്ഷ്യംവഹിച്ചത് ആയിരങ്ങളാണ്.
ഒരുമണിക്കൂർ പൊതുദർശനമാണ് തീരുമാനിച്ചിരുന്നതെങ്കിലും രണ്ടര മണിക്കൂറിനുശേഷമാണ് വീട്ടിൽനിന്ന് എന്നേക്കുമായി അദ്ദേഹത്തെ പുറത്തേക്കിറക്കിയത്. അതുവരെ ചാറിയും ചിണുങ്ങിയും നിന്ന മഴ കനംവെച്ച് കണ്ണീർകണങ്ങൾപോലെ പെയ്തുതുടങ്ങി.
നാലുകിലോമീറ്റർ അപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ വിളനിലമായ പാർട്ടി ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നേതാക്കളുടെ നീണ്ടനിര കാത്തുനിന്നിരുന്നു. ഓഫിസിനു പുറത്ത് ഒരുകിലോമീറ്ററോളം നീളത്തിൽ വരിനിൽക്കുകയായിരുന്നു ജനം.
വേലിക്കകത്ത് വീട്ടിൽ വികാര നിമിഷങ്ങൾ
നെഞ്ചുപൊട്ടിയ അണികളുടെ ആർത്തലച്ച മുദ്രാവാക്യംവിളികളുടെ അകമ്പടിയിൽ പുന്നപ്ര-വയലാർ സമരനായകൻ വി.എസ്. അച്യുതാനന്ദൻ ‘വേലിക്കകത്ത്’ വീട്ടിലേക്ക് എത്തിയത് നൂറു ചുവപ്പൻ ഓർമകളുമായാണ്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂർ പിന്നിട്ട് ബുധനാഴ്ച ഉച്ചക്ക് 12.20നാണ് ഭവനത്തിൽ എത്തിയത്.
‘കണ്ണേ കരളേ വി.എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരങ്ങൾ ഏറ്റുവിളിച്ചു. വീടും പരിസരവും നിയന്ത്രിക്കാൻ കഴിയാത്തവിധം ആൾക്കടൽ പരന്നൊഴുകുകയായിരുന്നു. കുടുംബാംഗങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ വീടിനുള്ളിൽ 10 മിനിറ്റ് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതുദർശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് മാറ്റി. ഒരുമണിക്കൂറാണ് വീട്ടിലെ പൊതുദർശനം നിശ്ചയിച്ചതെങ്കിലും രണ്ടുമണിക്കൂർ 20 മിനിറ്റ് എടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.