‘വി.എസ് അവസാന കമ്യൂണിസ്റ്റല്ലാ... ഞങ്ങളീ പാത പിന്തുടരും...’
text_fieldsആലപ്പുഴ: ‘കണ്ണേ... കരളേ... വീയെസ്സേ...’ വിലാപയാത്രയിലുടനീളം ഉയർന്നുകേട്ട മുദ്രാവാക്യമതായിരുന്നു. വിലാപയാത്ര എത്തിയപ്പോൾ അതിനൊപ്പം ആലപ്പുഴയിൽ മുഴങ്ങിയ മറ്റൊരു മുദ്രാവാക്യമാണ് വി.എസ് അവസാന കമ്യൂണിസ്റ്റല്ല... ഞങ്ങളീ പാത പിന്തുടരും...
ശ്വസിക്കാനുള്ള വായുവിന് വേണ്ടിയും കുടിക്കാനുള്ള വെള്ളത്തിന് വേണ്ടിയും അരിയാഹാരത്തിന്‍റെ ഉൽപാദനത്തിന് വേണ്ടിയും പൊരുതിയാണ് വി.എസ് ജനങ്ങളുടെ നെഞ്ചിലെ റോസാപ്പൂവായത്. ഇങ്ങനെയൊരു നേതാവ് ഇനിയുണ്ടാകുമോ എന്ന ചോദ്യമാണ് വിലാപയാത്രയിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയവരിൽ പലരും പങ്കുവെച്ചത്. അതിനുള്ള മറുപടിയാണ് വേലിക്കകത്ത് വീട്ടിലടക്കം മുഴങ്ങിയത്.
വി.എസ് അവസാനത്തേതല്ല, വി.എസിന് തുടർച്ചയുണ്ട് എന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകർ മുദ്രാവാക്യത്തിലൂടെ പകർന്നത്. അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. അസുഖബാധിതനായി വീട്ടിൽ ഒതുങ്ങേണ്ടിവന്ന വി.എസ് സജീവമായിരുന്നെങ്കിലെന്ന് ജനങ്ങൾ ആശിച്ചുപോയ നിരവധി കാര്യങ്ങളുണ്ടായിട്ടുണ്ട്. ഭൂസമരങ്ങളിലും കൈയേറ്റങ്ങൾ ഒഴിപ്പിക്കലിലും തുടർച്ചയില്ലാതായത്, വികസനത്തിനൊപ്പം പരിസ്ഥിതിക്കും പരിഗണന ലഭിക്കാതായത്, തോട്ടം മേഖലയിലെ ഭൂമി കേസുകളിൽ കർക്കശ നിലപാട് സർക്കാറിനില്ലാതായത്, ശബരിമല വിമാനത്താവളത്തിന്‍റെ പേരിൽ ബിലീവേഴ്സ് ചർച്ച് ഭൂമി ഏറ്റെടുക്കാൻ നടത്തുന്ന നീക്കം, തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ജനം ആശിച്ചുപോയിട്ടുണ്ട്.
വി.എസിന് തുടർച്ചയുണ്ടാകുമെന്ന് പറയുമ്പോൾ, വി.എസ് തുടക്കമിട്ട നിയമപോരാട്ടങ്ങൾ തുടരുമോ എന്നതിന്‍റെ ഉത്തരത്തിനായി കാതോർക്കുന്നവർ നിരവധിയാണ്. 2018ൽ വി.എസ് ഫയൽ ചെയ്ത ഐസ്ക്രീം പാർലർ കേസിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന രണ്ട് ഹരജികൾ ഹൈകോടതിയിലുണ്ട്. 2015ൽ പാർട്ടിയുടെകൂടി താൽപര്യപ്രകാരം എസ്.എൻ.ഡി.പിയുടെ മൈക്രോഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് വി.എസ് തുടങ്ങിവെച്ച നിയമ നടപടികളുണ്ട്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പൊലീസും വിജിലൻസും ഒളിച്ചുകളിക്കുന്നു എന്ന ആക്ഷേപം ഇപ്പോഴുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.