ആദ്യ ഇ.എം.എസ് സർക്കാറിന്റെ ‘രക്ഷകൻ’; കാടും മലയും കയറിയ പ്രചാരണം
text_fields1956 നവംബർ ഒന്നിന് കേരളം പിറവികൊള്ളുന്ന വേളയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായിരുന്നു വി.എസ്. ഇതോടെ 1957 മാർച്ചിൽ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആലപ്പുഴയിലെ പ്രചാരണ ചുമതല വി.എസിനായി. അന്ന് ആലപ്പുഴ ഡിവിഷനിൽ ആകെ പത്ത് സീറ്റാണുള്ളത്.
മാവേലിക്കര ദ്വയാംഗ മണ്ഡലമായതിൽ 11 ജനപ്രതിനിധികളുണ്ടാവും. ഏഴ് എം.എൽ.എമാരെങ്കിലും ആലപ്പുഴയിൽ നിന്ന് വേണമെന്നായിരുന്നു ഇ.എം.എസ് വി.എസിന് നൽകിയ നിർദേശം. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം സാക്ഷാത്കരിക്കാൻ രാപ്പകലില്ലാതെ തൊഴിലാളികളെ അണിനിരത്തി പ്രവർത്തിച്ചു. ഫലംവന്നപ്പോൾ തകഴിയും അരൂരും ഒഴികെ ഒമ്പതിടത്തും കമ്യൂണിസ്റ്റ് പാർട്ടി ജയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 126 സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടി ജയിച്ച 60ലെ ഒമ്പത് സീറ്റ് ആലപ്പുഴയിൽ നിന്നായതോടെ വി.എസ് സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാവായി.
അഞ്ച് സ്വതന്ത്രരുടെയടക്കം പിന്തുണയിൽ 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറി. എന്നാൽ നിർവഹിച്ചതിനേക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി വി.എസിനെ ഏൽപിക്കുന്നതാണ് പിന്നീട് കണ്ടത്. അതായിരുന്നു ദേവികളും ഉപതെരഞ്ഞെടുപ്പ്. കേവലഭൂരിപക്ഷത്തേക്കാൾ ഒരംഗത്തിന്റെ അധിക പിന്തുണയാണ് ഇ.എം.എസ് സർക്കാറിനുണ്ടായിരുന്നത്.
ദേവികുളത്ത് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി ജയിച്ച റോസമ്മ പുന്നൂസിന്റെ വിജയം, എതിർ സ്ഥാനാർഥിയുടെ പരാതിയെ തുടർന്ന് റദ്ദാക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കർഷക ബന്ധ ബില്ലും, വിദ്യാഭ്യാസ ബില്ലും പാസാക്കിയ സർക്കാർ താഴെപോവാതിരിക്കാൻ ദേവിക്കുളത്ത് ജയിച്ചേ തീരൂ. റോസമ്മ പുന്നൂസിനെ വീണ്ടും സ്ഥാനാർഥിയാക്കി ജയിപ്പിക്കാനുള്ള ഉത്തവാദിത്വം പാർട്ടി വി.എസിനെ ഏൽപിച്ചു. കാടും മലയും കയറി വെല്ലുവിളി നിറഞ്ഞ പ്രചാരണത്തിനൊടുവിൽ 1958 മേയ് 16ന് നടന്ന തെരഞ്ഞെടുപ്പിൽ 7,069 വോട്ടിന് റോസമ്മ ജയിച്ചതോടെ ഇ.എം.എസ് സർക്കാറിന്റെ ‘രക്ഷകൻ’ കൂടിയായി വി.എസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.