ആലപ്പുഴയിൽ നാളെയും അവധി; സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാചരണം
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് ആലപ്പുഴയിൽ നാളെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചക്കുശേഷം മൂന്നിന് ആലപ്പുഴ പുന്നപ്ര വലിയചുടുകാട്ടിലാണ് വി.എസിന്റെ സംസ്കാര ചടങ്ങുകൾ.
ഇന്ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേ ജനങ്ങൾക്ക് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വെച്ചാണ് വിലാപയാത്രയെ ജില്ലയിലേക്ക് സ്വീകരിക്കുക. തുടർന്ന് കെ.പി.എ.സി, ജി.ഡി.എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ആദരവർപ്പിക്കാം.
രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിവരെ വസതിയിലും തുടര്‍ന്ന് 10 മണിയോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം.
പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള വാഹനപാര്‍ക്കിങ്ങിന് ബീച്ചിലെ മേല്‍പ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ആവശ്യത്തിന് പൊലീസിനെയും വിന്യസിക്കും.
പി.എസ്.സി പരീക്ഷ മാറ്റി വെച്ചു
തിരുവനന്തപുരം: പി.എസ്.സി നാളെ (ജൂലൈ 23 ബുധനാഴ്ച) നടത്തുവാൻ നിശ്ചയിച്ച പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
സംസ്ഥാനത്ത് ഇന്ന് അവധി
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പൊതുഅവധിയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ഇന്നുമുതൽ സംസ്ഥാനമൊട്ടാകെ മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസം സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വാഴ്ച കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്നും കാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു.
പരീക്ഷ മാറ്റി
തിരുവനന്തപുരം: പൊതുഅവധി പ്രഖ്യാപിച്ചതിനാൽ കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളും പി.എസ്.സിയും ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും അഭിമുഖവും മാറ്റി. ചൊവ്വാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.