‘ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ വി.എസിന്റെ പങ്ക് മഹത്തരം’
text_fieldsതിരുവനന്തപുരം: ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ വി.എസ്. അച്യുതാനന്ദൻ വഹിച്ച പങ്ക് മഹത്തരമെന്നും കേരള ജനതയുടെ മൊത്തം നേതാവാകാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി നിശാഗന്ധിയിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ കമ്യൂണിസ്റ്റ് ധാരയിൽ ജീവിതം സമർപ്പിച്ച മഹാ വിപ്ലവകാരിയാണ് വി.എസെന്ന് അധ്യക്ഷത വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയതിൽ വി.എസിന്റെ പങ്ക് ഉജ്ജ്വലമാണെന്നും അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെ നഷ്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരോഗമന ആശയങ്ങളും പുതിയ വിഷയങ്ങളും എന്നും വി.എസ് ഏറ്റെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പിറക്കാനുള്ളവരുടേത് കൂടിയാണ് ഈ നാട് എന്ന ബോധ്യത്തിലാണ് വി.എസ് പരിസ്ഥിതിക്കായി പൊരുതിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വി.എസിന്റെ വേർപാട് വലിയ നഷ്ടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സാധാരണക്കാർക്ക് നീതി കിട്ടാൻ അനീതികളോട് പോരാടിയ നേതാവാണ് വി.എസെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വി.എസിന്റെ പോരാട്ടം കേരളം എക്കാലവും ഓർക്കുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനും അഭിപ്രായപ്പെട്ടു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് (എം) നേതാവ് ഡോ. എൻ. ജയരാജ്, ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, ലത്തീന്‍സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോ, പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാപൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, കോഴിക്കോട് അതിരൂപത മെത്രാപൊലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിഷപ് കമീഷണറി പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ജെ. ജയരാജ്, ബിലീവേഴ്സ് ചര്‍ച്ച് ബിഷപ് മാത്യുസ് മോര് സില്വാനസ്, സംഗീത് കുമാർ, ബിനോജ് ജോസഫ്, ജോർജ് വർഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി വി. ജോയ് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.